കാസര്‍കോട് (www.evisionnews.in): കേരളത്തിന്റെ അഭിമാനവും പ്രമുഖ ക്രിക്കറ്റ് താരവുമായ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ കൈക്കൂലിക്ക് വേണ്ടി മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച വൈകിട്ടാണ് രഞ്ജി താരത്തെ എമിഗ്രേഷന്‍ വിഭാഗത്തിലെ കൈക്കൂലി സംഘത്തില്‍പെട്ട ചില ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് വട്ടം കറക്കിയത്. വൈകിട്ട് 4.30 മുതല്‍ അസ്ഹറുദ്ദീനെ ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും വന്‍ തുക തട്ടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ ഇതിനെതിരെ ചില ഉന്നത ഇടപെടലുകള്‍ നടക്കുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് 5.55ന് വിമാനം കയറ്റി ഖത്തറിലേക്ക് വിടുകയായിരുന്നു.
ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഖത്തറിലേക്ക് എയര്‍ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു അസ്ഹറുദ്ദീന്‍. രണ്ടു ദിവസത്തേക്കാണ് വിസ ലഭിച്ചിരുന്നത്. വിസയും അനുബന്ധരേഖകളും കാണിച്ചിട്ടും താന്‍ രഞ്ജിയുടെ താരമാണെന്നറിയിച്ചിട്ടും 96,000 രൂപ കൈവശമില്ലാതെ ഖത്തറിലേക്ക് പോകാനാവില്ലെന്നും അവിടെ ഏതൊക്കെ വ്യവസ്ഥയിലാണ് പോകുന്നതെന്നും താമിസിക്കുന്നതെന്നും ആരാഞ്ഞ് അസ്ഹറുദ്ദീനെ ശല്യപ്പെടുത്തി. പീഡനം അസഹ്യമായതോടെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ 96,000 സംഘടിപ്പിച്ച ശേഷം സഹോദരനെ യാത്രയാക്കുകയായിരുന്നു.
അസ്ഹറുദ്ദീനെ വിമാനത്താവളത്തിലല്‍ തടഞ്ഞുവെച്ച വിവരം പരന്നതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സഹയാത്രക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും ചെയ്തിരുന്നു. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദറും മംഗളൂരുവിലെ ചില മാധ്യമങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവം സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറട്കര്‍ക്ക് സഹോദരന്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഡയറക്ടറുടെ മുമ്പാക ഹാജരാകാന്‍ പരാതിക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കാസര്‍കോട് എം.പി പി കരുണാകരനും മംഗളൂരു എം.പി നളിന്‍ കുമാര്‍ കട്ടീലിനും കര്‍ണാടക -കേരള മുഖ്യമന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കാനിരിക്കുകയാണ് അസ്ഹറുദ്ദീന്റെ ബന്ധുക്കള്‍. അസ്ഹറുദ്ദീനോട് കാണിച്ച ഇതേ മുടന്തന്‍ ന്യായം പറഞ്ഞ് മറ്റു ചില യാത്രക്കാരെയും എമിഗ്രേഷന്‍ വിഭാഗം വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. ഗള്‍ഫിലേക്ക് പോകുന്ന കാസര്‍കോട്ടുകാരോട് മംഗളൂരുവിലെ എമിഗ്രേഷന്‍ വിഭാഗം ശത്രുതാപരമായി പെരുമാറുന്നത് നേരത്തെ നിലവിലുള്ളതാണ്. സ്ത്രീകളെയും കുട്ടികളെയും ഇവര്‍ വെറുതെ വിടുന്നില്ലെന്നാണ് പരാതി.
എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് അസ്ഹറുദ്ദീന്‍.

Post a Comment
0 Comments