Type Here to Get Search Results !

Bottom Ad

വെള്ളമില്ല, വെളിച്ചമില്ല, വഴിയില്ല. ഷീറ്റ്‌ പാകിയ ഇരുട്ട്‌മുറിയിൽ ആറ് മനുഷ്യർ!

റിപ്പോർട്ട്‌: ഖയ്യൂം മാന്യ


ചെങ്കള: (www.evisionnews.in) 'സങ്കടം' എന്ന മൂന്നക്ഷരങ്ങളിൽ പറഞ്ഞറിയിക്കാവുന്ന കേവലമൊരു ജീവിതാവസ്ഥയിലേക്കല്ല നമുക്ക്‌ ഈ മലഞ്ചെരുവിലൂടെ നടന്ന് പോകേണ്ടത്‌. വാഹനങ്ങൾ കയറാത്ത ഇടവഴി ചെന്നെത്തുന്നത്‌, കുന്നോളം ദുരിതങ്ങളുള്ള ഹസൈനാറിന്റെ വീട്ടുമുറ്റത്തെക്കാണ്. തുഛവരുമാനത്തിന് നല്ല കാലം മുഴുവൻ അധ്വാനിച്ചിട്ടൊടുവിൽ, തളർവാതം വന്ന് വീണ് പോയ കെ.പി.ഹസൈനാർ. ഈ കൂരയുടെ മുന്നിലെത്തുന്നതിന് മുമ്പെ, നിങ്ങൾ മറ്റൊരു സത്യം കൂടി അറിയുക. നൊമ്പരങ്ങളുടെ കഥ പറയാൻ, ഇന്ന് ഹസൈനാർ ജീവിച്ചിരിപ്പില്ല. 2014 ഡിസംബറിന്റെ മഞ്ഞ്‌ പെയ്യുന്ന പ്രഭാതത്തിൽ പ്രാരാബ്ധങ്ങളില്ലാത്ത ലോകത്തേക്ക്‌ അയാൾ യാത്രയായി.
പക്ഷെ, ചെങ്കള പഞ്ചായത്തിലെ പുളിന്റടി എന്ന ഗ്രാമത്തിൽ ഹസൈനാറിന്റെ കുടുംബം ഇപ്പോഴുമുണ്ട്‌. കാറ്റൊന്ന് ആഞ്ഞ്‌ വീശിയാൽ പാറിപ്പോകുന്ന ഷീറ്റ്‌ വിരിച്ച കെട്ടിടത്തിൽ, മഴക്കാലത്തോട്‌ പൊരുതിത്തോറ്റ് ക്‌Iറിപ്പോയ ടാർപ്പോളിനെ മേൽക്കൂരയാക്കി.. അവിടെ പ്രായത്തിന്റെ അവശതകൾ അനുഭവിക്കുന്ന ഹസൈനാറിന്റെ രണ്ട്‌ ഭാര്യമാരുണ്ട്‌. ആയിഷയും സുലൈഖയും.. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയടക്കം നാല് മക്കളുണ്ട്‌. ഏതോ ഉത്തരേന്ത്യൻ ഗ്രാമത്തിലെ പരിതസ്ഥിതിയെപ്പറ്റിയല്ല സുഹൃത്തെ, പറഞ്ഞ്‌ വരുന്നത്‌. കോടികളുടെ വീടുകൾ കെട്ടാൻ മത്സരിക്കുന്ന നമ്മുടെ നാട്ടിൽ, ആറ് മനുഷ്യർ താമസിക്കുന്ന ഈ ഇരുട്ട്‌മുറിയെ നിങ്ങൾ എന്ത്‌ പേരിട്ട്‌ വിളിക്കും? ഇത്‌ പോലും പൊതുസ്ഥലത്താണെന്നും, വൈദുതി ലഭിച്ചിട്ടില്ലെന്നും, കുടിവെള്ളത്തിന് സംവിധാനമില്ലെന്നും കൂടി അറിയുക. 
ചുമര് പോലും കെട്ടിത്തിരിച്ചിട്ടില്ലാത്ത ഒറ്റമുറിയാണ് ആറ് മനുഷ്യരുടെ കിടപ്പറയും അടുക്കളയും ഡൈനിംഗ്‌ ഹാളുമെല്ലാം. അതിഥികളെ സ്വീകരിച്ചിരുത്തേണ്ടതും സാധനങ്ങൾ സൂക്ഷിക്കേണ്ടതും ഇവിടെ തന്നെ. ക്ഷമിക്കുക സുഹൃത്തെ, ഇവിടെ വിരുന്നുകാരായി ആരും വരാറില്ല. സൂക്ഷിച്ച്‌ വെക്കാൻ മാത്രം വിലപ്പെട്ടതായും ഇവർക്ക്‌ ഒന്നുമില്ല. പാത്രം കഴുകുന്നതും കുളിക്കുന്നതും ടോയ്‌ലറ്റുമൊക്കെ ശരിക്കൊന്ന് അടയാത്ത വാതിലിന് അപ്പുറമാണെങ്കിലോ? ദൈവമേ.. ഒന്നും രണ്ടും മാസമല്ല, കഴിഞ്ഞ രണ്ട്‌ വർഷങ്ങളായി ഈ കുടുംബം ഇവിടെയാണല്ലോ താമസിക്കുന്നത്‌! 
കാലവർഷം ഉരുണ്ട്‌ കൂടുമ്പഴേക്കും, ഈ ഉമ്മമാരുടെ നെഞ്ചും കലങ്ങിമറിയും. വീശിയടിക്കുന്ന കാറ്റിൽ വീട്‌ നിലം പൊത്തുമോ എന്ന് പേടിച്ച്‌, ഒരു വശം തളർന്ന ഹസൈനാറും ഭാര്യമാരും മക്കളും പേടിച്ചിരുന്ന രാത്രികൾ, നിങ്ങൾക്കൊന്ന് സങ്കൽപ്പിക്കാനെങ്കിലും കഴിയുമോ? വാതിലിന്റെയും മേൽക്കൂരയുടെയും വിടവിലൂടെ ഒഴുകിയെത്തിയ മഴയേക്കാളും വലുതായിരുന്നു, ഇരുട്ടിൽ ഒറ്റപ്പെട്ട ആറ് മനുഷ്യരനുഭവിച്ച സങ്കടങ്ങളുടെ പെരുമഴക്കാലം!
വൈദ്യുതി ഇല്ലാത്ത ഈ കെട്ടിടത്തിൽ നിന്നാണ് സുഹൃത്തെ, സഫരിയ എന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ദിവസവും സ്‌ക്കൂളിലേക്ക്‌ പോകുന്നത്‌. എസ്‌ എസ്‌ എൽ സിക്ക്‌ 82 ശതമാനം മാർക്ക്‌ നേടി നാടിന്റെ അഭിമാനമായ കൊച്ചുമിടുക്കി. രാത്രിയാവുമ്പഴേക്കും അയൽവീടിന്റെ ഇത്തിരി വെളിച്ചത്തിലേക്ക്‌  പാഠപുസ്തകങ്ങളുമായി അവൾ നടന്ന് പോകും. നിങ്ങളുടെ വീട്ടിലുമില്ലേ ആ പ്രായത്തിൽ, നിറയെ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടി?
ഉപ്പയുടെ രോഗം കാരണം പത്താം ക്ലാസിൽ പഠനം നിർത്തി പന്തല് കെട്ടാൻ പോകുന്ന ഇബ്രാഹിം ഖലീലും ജീവിക്കുന്നത്‌ ഇതേ മണ്ണിലാണെന്ന് അറിയുക. അവർക്ക്‌ താഴെ കബിറും ഖാലിദും എന്ന രണ്ട്‌ പൊന്നുമക്കൾ. വലുതാവുമ്പോൾ ഡോക്ടറും എഞ്ചിനീയറുമല്ല, ഉസ്താദുമാരാവണമെന്നാണ് രണ്ട്‌ പേരുടെയും ആഗ്രഹം. ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്ന കോഴ്സ്‌ അത്‌ മാത്രമാണെന്ന് ഈ പിഞ്ചുമക്കൾക്ക്‌ ആരാണ് പറഞ്ഞ്‌ കൊടുത്തത്‌?

ഇല്ലായ്മകളെപ്പറ്റി നാഴികക്ക്‌ നാൽപത്‌ വട്ടം പരാതി പറയുന്നവരേ.. കണ്ണ് തുറന്ന് കാണണം. ഇതും ഒരു വീടാണ്. ഇവിടെ ജീവിക്കുന്ന ആറ് പേരും, നിങ്ങളെപ്പോലെ മജ്ജയും മാംസവും സ്വപ്നങ്ങളുമുള്ള മനുഷ്യരാണ്. സഫരിയക്ക്‌ വിവാഹപ്രായം ആയി വരുന്നു. തൊഴുത്ത്‌ പോലും നാണിച്ച്‌ പോകുന്ന, കൊളുത്തിട്ടാലും അകം കാണുന്ന ഈ കൂരയിലേക്ക്‌, വരണമാല്യവുമായി ആരാണ് കടന്ന് വരിക? ഒരുമ്മയുടെ ആരും കാണാത്ത സങ്കടങ്ങൾ നിങ്ങളറിയുന്നുണ്ടോ?
ഫോട്ടോ എടുക്കുന്നുവെന്ന വിചാരത്തോടെ അവരുടെ ജീവിതത്തിലെ ഏറ്റവും മുന്തിയ വസ്ത്രം എടുത്തണിഞ്ഞ കബ്‌Iറും ഖാലിദും.ക്യാമറക്ക്‌ മുന്നിൽ വരാൻ മടിച്ച്‌ സഫരിയ എന്ന പതിനേഴുകാരി. എന്ത്‌ പറയണമെന്നറിയാതെ പരസ്പരം നോക്കി നിൽക്കുന്ന ഹസൈനാറിന്റെ രണ്ട്‌ ഭാര്യമാർ. വിങ്ങലോടെയല്ലാതെ നിങ്ങൾക്കീ രംഗം കണ്ടുനിൽക്കാൻ കഴിയില്ല.
ഇറ്റാലിയൻ മാർബിളിന്റെ തിളക്കമോ, ഇന്റീരിയർ ഡിസൈനിംഗിന്റെ അഴകോ ഒന്നും വേണ്ട.. മഴ കൊള്ളില്ലെന്നുറപ്പുള്ള ഒരു മേൽക്കൂര. സഫരിയക്ക്‌ പഠിക്കാൻ ഇത്തിരി വെളിച്ചം. അത്രയും മതി. രണ്ട്‌ മക്കളെ ഏതെങ്കിലും ദർസിൽ കൊണ്ട്‌ പോയി ചേർത്തോളാം.. സുലൈഖയുടെ വാകുകൾ പതറുന്നു.. ഈ മഴക്കാലത്തിന് മുമ്പെങ്കിലും പെയ്ത്‌ തോരുമോ, രണ്ട്‌ ഉമ്മമാരുടെ കണ്ണുനീർ കണങ്ങൾ?

വാർത്തയുടെ വീഡിയോ കാണാൻ: www.facebook.com/evisionNewsOnline/?fref=nf
ബന്ധപ്പെടേണ്ട നമ്പർ: 8086674333 (സുലൈഖ)
9961919171 (ഖയ്യൂം മാന്യ)
ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ: 42092200196925
Syndicate Bank, Badiadka Branch
IFSC code: SYNB0004209

Post a Comment

0 Comments

Top Post Ad

Below Post Ad