തിരുവനന്തപുരം (www.evisionnews.in): ആനക്കൊമ്പ് അനധികൃതമായി സൂക്ഷിച്ച സംഭവത്തില്‍ ഇടംവലം തിരിഞ്ഞ് വട്ടംകറങ്ങിയ നടന്‍ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഫയലില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഒപ്പുവെച്ചതായാണ് പുതിയ വിവരം. മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് കേസ് പിന്‍വലിച്ചത്.
മോഹന്‍ലാല്‍ രണ്ട് ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചുവെന്നതാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംസ്ഥാന വനം വകുപ്പാണ് കേസെടുത്തത്. ആനക്കൊമ്പ് കൈവശമുള്ളവര്‍ അത് വെളിപ്പെടുത്തിയാല്‍ കേസ് എടുക്കേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന ന്യായം പറഞ്ഞാണ് കേസ് പിന്‍വലിക്കുന്നത്.
ഈ വ്യവസ്ഥ ഇതുവരെ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. ഇത് ഉടന്‍ ഉത്തരവായി പുറത്തിറങ്ങുമെന്നും പിന്നീട് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ ഹാജരായി ആനക്കൊമ്പുകളുടെ വിവരം ധരിപ്പിക്കുമെന്നുമാണ് ധാരണ. ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാനുള്ള അവകാശത്തിനായി മോഹന്‍ലാല്‍ നേരത്തെ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആനക്കൊമ്പുകള്‍ക്ക് ലൈസന്‍സുള്ളതാണെങ്കിലും അത് മോഹന്‍ലാലിന്റെ പേരില്‍ ഉള്ളതല്ല.
2011 ജൂലൈ 22ന് കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനു സര്‍ക്കാര്‍ അംഗീകരിക്കുന്ന ലൈസന്‍സ് ഇല്ലെന്നാണ് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുള്ളത്.
ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ആനക്കൊമ്പ് ലാലില്‍ നിന്ന് പിടിച്ചെടുക്കുകയോ മോഹന്‍ലാലിനെതിരെ നടപടിയെടുക്കുകയോ ചെയ്യാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസില്‍ നടപടി വൈകുന്നതില്‍ വനംമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു.
Keywords: Kerala-news-mohanlal,

Post a Comment
0 Comments