മംഗളൂരു (www.evisionnews.in): പിതാവ് തടങ്കലിലാക്കിയ മുസ്ലിം യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുവായ ഭര്‍ത്താവിനൊപ്പം പോകാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. മംഗലാപുരം സ്വദേശിയായ ഹലീമ ഷഹീനെയാണ് ഭര്‍ത്താവ് മൈസൂരിലെ കെ ശിവരാജിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കിയത്. മംഗളൂരുവിലെ വിദ്യാര്‍ത്ഥി ജീവിതകാലത്താണ് ഇരുവരും പ്രണയബദ്ധരായത്.
തുടര്‍ന്ന് 2015 മെയ് മാസത്തില്‍ വിവാഹിതരായത്. വിവാഹത്തെ യുവതിയുടെ പിതാവും വീട്ടുകാരും എതിര്‍ത്തു. മൈസൂരിലെ ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹാനന്തരം ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചപ്പോള്‍ ഹലീമയുടെ പിതാവ് തന്റെ മകള്‍ വിവാഹിതയാണെന്ന് കാണിച്ച് സര്‍ട്ടിഫിക്കേറ്റ് അധികൃതര്‍ക്ക് നല്‍കി. ഈ രേഖ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
അതിനിടെ 2015 ഡിസംബറില്‍ ദമ്പതികള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാത സംഘം ഇവരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും യുവതിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. അക്രമത്തില്‍ ശിവരാജിന് പരിക്കേറ്റിരുന്നു. ഭാര്യയെ പിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന്കാണിച്ച് ശിവരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതിയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് താന്‍ ഭര്‍ത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് യുവതി പറഞ്ഞതോടെ ഹലീമയെ ശിവരാജിനൊപ്പം പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

Post a Comment
0 Comments