തിരുവനന്തപുരം (www.evisionnews.in): കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിവീഴ്ത്തിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി പരസ്യമായി ക്ഷമചോദിച്ചു. ആഭ്യന്തര മന്ത്രിയുടെ ഓഫീസും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പ്രശ്‌നത്തിന് പിന്നിലെന്ന് കടകംപള്ളി ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെ കുന്തമുന തിരിച്ചുവിടാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. സംഘര്‍ഷ സ്ഥലത്തേക്ക് ശ്രീനിവാസനെ പ്രശ്‌നമുണ്ടാക്കാന്‍ ഗൂഢാലോചനക്കാര്‍ തള്ളിവിടുകയായിരുന്നു.
അതേസമയം, ശ്രീനിവാസനെ തല്ലിവീഴ്ത്തിയ പ്രവര്‍ത്തകന്‍ എസ്എഫ്‌ഐയില്‍ ഏത് സ്ഥാനം വഹിക്കുന്നയാളായാലും അദ്ദേഹത്തിനെതിരെ അന്വേഷിച്ച് യുക്തമായ നടപടി എടുക്കുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു പറഞ്ഞു.
ശ്രീനിവാസനെ മര്‍ദ്ദിച്ച നടപടി എസ്.എഫ്.ഐയുടെ അസഹിഷ്ണുതയും കാടത്തവുമാണ് തെളിയിക്കുന്നത്. ശ്രീനിവാസന്റെ ദേഹത്തേറ്റ മര്‍ദ്ദനം കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ മുഖത്തേറ്റ അടിയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയ് പറഞ്ഞു. ശ്രീനിവാസനെ മര്‍ദ്ദിക്കുന്നത് തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ജോയ് ആവശ്യപ്പെട്ടു.

Post a Comment
0 Comments