തൃശൂര്‍ (www.evisionnews.in): ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. ബാബുവിനെതിരെ കേസെടുക്കുന്നതിന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് സമീപിച്ച വിജിലന്‍സിനോട് ഉടന്‍ മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിജിലന്‍സിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കുമെന്നും ഒരു മാസത്തിനകം ഇതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. വിജിലന്‍സിന് ബാര്‍ക്കോഴക്കേസില്‍ ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമില്ലാതായെന്നും കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോയെന്നും ജഡ്ജി ചോദിച്ചു. വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ത്ഥത ഇല്ലെന്നും കോടതി പറഞ്ഞു. ബാബുവിനെതിരെയുള്ള കേസ് ഫയല്‍ ലോകായുക്തയിലാണെന്ന വിജിലന്‍സിന്റെ വാദത്തെ ചോദ്യം ചെയ്ത കോടതി ഇതിന്റെ പേരില്‍ വിജിലന്‍സിനെ അടച്ചുപൂട്ടണമോ എന്നും ആരാഞ്ഞു.
അതേസമയം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ വന്‍വെട്ടിലാഴ്ത്തി. ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കെ.എം മാണി രാജിവെച്ച അതേ സാഹചര്യമാണ് യു.ഡി.എഫ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ കോടതി വിധി കെ ബാബു വിഷയത്തില്‍ സര്‍ക്കാറിനെ വീണ്ടും പ്രതിക്കൂട്ടിലാക്കും.
Keywords: Kerala-news-k-babu-bar-case

Post a Comment
0 Comments