Type Here to Get Search Results !

Bottom Ad

കരുതലിന്റെ കരസ്പര്‍ശം : ഷംനയ്ക്കും ഹസ്സനും ഒരു ലക്ഷം കൂടി അനുവദിച്ചു


കാസര്‍കോട്:(www.evisionnews.in)രോഗികളായ സഹോദരങ്ങള്‍ ഷംനയ്ക്കും ഹസ്സനും വീണ്ടും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം. കാസര്‍കോട് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചെട്ടുംകുഴിയിലെ സീതി-മൈമൂന ദമ്പതികളുടെ മക്കളായ ഷംനയ്ക്കും ഹസ്സനും ഒരു ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍ നിന്ന് അനുവദിച്ച് ഉത്തരവായി. കാസര്‍കോട് വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഉത്തരവ്. 15 വയസ്സുളള ഷംനയും ഒന്നര വയസ്സുളള ഹസ്സനും എല്ലുപൊടിയുന്ന രോഗം ബാധിച്ചവരാണ്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മേയ്മാസത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി -കരുതല്‍ 2015 ല്‍ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ മൂന്ന് അപേക്ഷകള്‍ പരിഗണിച്ച് 50000, 35000, 25000 രൂപവീതം ആകെ 1.10 ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു. ഈ തുക ഇതിനകം കൈമാറിയിട്ടുണ്ട്. ഇതിനു പുറമെയാണ് കുട്ടികളുടെ ദുരിതജീവിതത്തില്‍ മനസ്സലിഞ്ഞ് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ കൂടി അനുവദിച്ചത്. ഈ കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും മധൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതില്‍ തീരുമാനമായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സാസഹായനിധിയില്‍ നിന്നും പ്രത്യേക പരിഗണന നല്‍കി തുക അനുവദിക്കുകയായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 15 വയസ്സുളള ഷംന സഹോദരന്‍ ഒന്നരവയസ്സുകാരന്‍ ഹസ്സനെ താലോലിക്കുന്ന ചിത്രം ഏവരുടേയും സഹാനുഭൂതി പിടിച്ചുപറ്റിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad