കാഞ്ഞങ്ങാട് :(www.evisionnews.in): കാഞ്ഞങ്ങാട് നഗരത്തില്‍ 200 വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി നഗരസഭ ധനവിഭാഗം നടത്തിയ ആദ്യ പരിശോധനയില്‍ കണ്ടെത്തി. നഗരപാലിക ചട്ടമനുസരിച്ച് വ്യാപാരസ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ തുടങ്ങണമെങ്കില്‍ മതിയായ രേഖകള്‍ ഹാജരാക്കി വ്യാപാര ലൈസന്‍സ് എടിക്കണം. കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍പോലും ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളിലെ ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നത്. മുനിസിപ്പല്‍ ലൈസന്‍സില്ലാത്തതിനാല്‍ ഇവരില്‍നിന്ന് വര്‍ഷംതോറും ലഭിക്കേണ്ട വ്യാപാര ലൈസന്‍സ് ഫീസ്, തൊഴില്‍നികുതി, മറ്റു നികുതികള്‍ എന്നിവ നഗരസഭക്ക് പിരിച്ചെടുക്കാനാവില്ല. ഈ ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങളാണ് നഗരസഭയുടെ തനത്ഫണ്ടിലേക്ക് ലഭിക്കാതെ പോകുന്നത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം ഫെബ്രുവരി 28നകം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴവന്‍ സ്ഥാപനങ്ങളും നിയമപ്രകാരമുള്ള ലൈസന്‍സ് എടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ നഗരസഭ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി വി രമേശന്‍ അറിയിച്ചു.

Post a Comment
0 Comments