കാസര്‍കോട് (www.evisionnews.in): കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിന് മുമ്പ് പ്രദേശവാസികള്‍ക്ക് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ധൃതിപിടിച്ച് റോഡിന്റെ ഉദ്ഘാടനം നടത്തുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം.
നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തുമെന്നും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം മൂലം ഭീഷണി നേരിടുന്ന ഉയര്‍ന്ന പ്രദേശത്തുള്ള കുടുംബങ്ങള്‍ക്ക് പാര്‍ശ്വഭിത്തിയും സംരക്ഷണ മതിലും, താഴ്ന്ന പ്രദേശത്തുള്ളവര്‍ക്ക് ഓവുചാലുകള്‍, കൃഷി ആവശ്യത്തിന് ഉപയോഗിച്ചിരുന്ന വെള്ളം സംഭരിക്കാനുള്ള അണക്കെട്ടും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമുള്ള ഓവുചാലുകള്‍, കോട്ടരുവം പ്രദേശത്തുള്ളവര്‍ക്ക് ചെമ്മനാട് വയലിലേക്ക് കന്നുകാലികളേയും വളവും മറ്റും കൊണ്ടുപോകുന്നതിനും കാര്‍ഷിക വിളകള്‍ കൊണ്ടു വരുന്നതിനുമുള്ള പാത, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളുടെ പുനര്‍നിര്‍മ്മാണം, നിലവിലുള്ള എല്ലാ റോഡുകളും വഴികളും സൗകര്യപ്രദമായി നിര്‍മ്മിച്ചു നല്‍കല്‍ എന്നിവ കെഎസ്ടിപി അധികൃതര്‍ നവീകരണ പ്രവൃത്തികള്‍ക്ക് മുമ്പ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരവസ്ഥയില്‍ റോഡു നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കി ഭയന്നു ജീവിക്കുന്ന കുടുംബങ്ങളുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് ഉറപ്പുകള്‍ പാലിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് റോഡ് നിര്‍മ്മാണം മൂലം ഭയാശങ്കയിലായ പരവനടുക്കത്തെ പ്രദേശവാസികളുടെ ആവശ്യം.
ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ അട്ടിമറിച്ച് ഭരണക്കാരുടെ താല്‍കാലിക നേട്ടത്തിനു വേണ്ടി ധൃതി പിടിച്ച് റോഡ് ഉദ്ഘാടനത്തിന് ശ്രമിക്കുകയാണെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് പ്രക്ഷോഭത്തിനിറങ്ങുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments