തിരുവനന്തപുരം: (www.evisionnews.in) ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്ന് വെളളാപ്പളളി നടേശന്‍. സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളളാപ്പളളി. ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) എന്ന പേരിലാകും പാര്‍ട്ടി അറിയപ്പെടുക. കൂപ്പുകൈ ആയിരിക്കും ചിഹ്നം. കുങ്കുമം വെളുപ്പം നിറങ്ങളിലുളള കൊടിയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുഖ്യധാരമാധ്യമങ്ങള്‍ സമത്വമുന്നേറ്റയാത്രയെ അവഗണിച്ചുവെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. പുതിയ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് തുഷാര്‍ വെളളാപ്പളളി പ്രതികരിച്ചു.
വിഎസ് അച്യൂതാനന്ദന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുളള വില മാത്രമാണ് ഉളളതെന്നും അല്ലെങ്കില്‍ വിഎസ് വെറും അച്ച് മാത്രമാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. വിഎസിനെയും പാര്‍ട്ടിയെയും രൂക്ഷമായി ഭാഷയില്‍ വെളളാപ്പളളി വിമര്‍ശിച്ചു. മൈക്രോഫിനാന്‍സ് ആരോപണത്തില്‍ താന്‍ പണം തട്ടിയെടുത്തുവെന്ന് പറയുന്ന വിഎസിന് വിവരമില്ലെന്നും വെളളാപ്പളളി പറഞ്ഞു.
ഇതിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയും വെള്ളാപ്പള്ളി വിമര്‍ശന ശരങ്ങള്‍ ഉന്നയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം മാന്യന്‍മാര്‍ക്ക് ഉള്ളതാണെന്നും കണ്ട ആപ്പ ഊപ്പകള്‍ ആ സ്ഥാനത്ത് ഇരുന്നാല്‍ കോണ്‍ഗ്രസ് തകരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. വിഎം സുധീരനും വിഎസും സമുദായത്തിലെ കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാം മുന്നണി വരുമെന്ന തോന്നലാകാം തന്നോടുള്ള എതിര്‍പ്പിന് കാരണം. മൂന്നാം ബദല്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണം ഇല്ലാതാകുമെന്ന് ഇരുമുന്നണികളും ഭയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.ആലുവ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങളാണ്. പ്രസംഗം കേള്‍ക്കാത്ത സുധീരനും പ്രതാപനുമാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമുദായത്തിലെ ഐക്യം ലക്ഷ്യം വെച്ചായിരുന്നു വെളളാപ്പളളിയുടെ സമത്വമുന്നേറ്റയാത്ര.

Post a Comment
0 Comments