Type Here to Get Search Results !

Bottom Ad

തെരുവ് നായ നിയന്ത്രണ പരിപാടി ഉടന്‍ നടപ്പാക്കും; ജില്ലാ കളക്ടര്‍


കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ തെരുവ് നായ നിയന്ത്രണപരിപാടി ഉടന്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന തെരുവ് നായ നിയന്ത്രണ പരിപാടിയുടെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാരേതര സംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആറ് തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. തെരുവ് നായകളെ പിടികൂടി കേന്ദ്രങ്ങളില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുക. 

ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനസഹായത്തോടെ മൃഗസംരക്ഷണവകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, മുളിയാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നിവിടങ്ങളിലാണ് തെരുവ് നായകള്‍ക്ക് പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 1.30 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനെയാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, മൃഗസംരക്ഷണ ജില്ലാ ഓഫീസര്‍ ഡോ പി എം ജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, എഡി പി പി മുഹമ്മദ് നിസാര്‍, എം എസ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad