ചന്തേര (www.evisionnews.in): തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഡയരക്ടറുമായ ഉദിനൂരിലെ ജദീന്ദ്രന്റെ അടച്ചിട്ട വീട്ടുവരാന്തയില്‍ റീത്തും തലവെട്ടുമെന്ന ഭീഷണി പോസ്റ്ററും. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് മുന്‍ ഭാഗത്തെ വാതില്‍ തുറന്നപ്പോഴാണ് വാതില്‍ പടിയില്‍ ചാരിവെച്ച നിലയില്‍ റീത്തും ചുമരില്‍ പതിച്ച നിലയില്‍ പോസ്റ്ററും കാണപ്പെട്ടത്. 'സഖാക്കളെയോ പാര്‍ട്ടിയേയോ നോക്കുകൊണ്ടോ വാക്കുകൊണ്ടോ നോവിച്ചാല്‍ തല വെട്ടി ചെങ്കൊടി നാട്ടും. മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല. കൊല്ലാനും... കണ്ണൂര്‍ സഖാക്കള്‍' എന്നതാണ് പോസ്റ്ററിലെ ഭീഷണി മുഴക്കിക്കൊണ്ടുള്ള വാചകങ്ങള്‍.
കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ജദീന്ദ്രന്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ കോട്ടയായ ഉദിനൂര്‍ സെന്‍ട്രലിലെ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധി കെ.പി റഷീദ അട്ടിമറി വിജയം നേടി. പിന്നീട് വ്യാഴാഴ്ച നടന്ന സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായും ഇവര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാകാം വീട്ടു പടിക്കല്‍ റീത്ത് സമര്‍പ്പിച്ചതും ഭീഷണി മുഴക്കിയുള്ള പോസ്റ്റര്‍ പതിച്ചതെന്നും സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജദീന്ദ്രന്‍ ചന്തേര പോലീസില്‍ പരാതി നല്‍കി.


Post a Comment
0 Comments