കെ.എസ്. ഗോപാലകൃഷ്ണന്‍
കാസര്‍കോട്:(www.evisionnews.in) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട മഞ്ചേശ്വരം നിയോജക മണ്ഡലം തിരിച്ചുപിടിച്ച് 'സി.എച്ച് കുഞ്ഞമ്പു മോഡല്‍ ' വിജയം കുറിക്കാന്‍ ഇക്കുറി സിപിഎം ഡോ വിപിപി മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകള്‍ അതിശക്തമായി. പാര്‍ട്ടി തലത്തില്‍ ജില്ലയില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മഞ്ചേശ്വരത്തിന്റെ സെക്രട്ടറിയായി മുസ്തഫയെ നിയോഗിച്ചത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുസ്തഫ ഇതിനകം മഞ്ചേശ്വരത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ചൂക്കാനേറ്റടുത്ത് മണ്ഡലത്തിലാകെ നിറഞ്ഞു നില്‍ക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ തുളുനാട് ടൈംസ് എന്ന കന്നട പത്രത്തിന്റെ നയരൂപീകരണ സമിതിയിലും മുസ്തഫയെ ഉള്‍പ്പെടുത്തിയതും മഞ്ചേശ്വരത്ത് അങ്കത്തിനിറക്കാനുള്ള മുന്നോടിയായി വിലയിരുത്തുന്നുണ്ട്. ജില്ലയിലെ പ്രമുഖ യുവ സിപിഎം നേതാക്കളില്‍ ഒരാളായ മുസ്തഫ ജില്ലാ പഞ്ചായത്തംഗവും പാര്‍ട്ടി ജില്ലാ സെക്രട്ടരിയേറ്റ് അംഗവുമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പെരിയ ഡിവിഷനില്‍ നിന്ന് ഈ യുവനേതാവ് പുഷ്പം പോലെ തെരഞ്ഞെടുക്കുകയായിരുന്നു.
19 വര്‍ഷം മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ള നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.എച്ച് കുഞ്ഞമ്പു അട്ടിമറി വിജയം നേടുകയായിരുന്നു. മഞ്ചേശ്വത്തിന്റെ മതേതര മന:സാക്ഷി വീണ്ടെടുത്ത വിജയം എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. എന്നാല്‍ 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പിബി അബ്ദുല്‍ റസാഖ് മണ്ഡലം സിപിഎമ്മില്‍ നിന്ന് തിരിച്ചു പിടിക്കുകയും ഇടതു പക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതിന്റെ ക്ഷീണത്തില്‍ നിന്ന് തുളുനാട്ടിലെ സിപിഎം ഇനിയും മുക്തി നേടിയിട്ടില്ല. എന്നാല്‍ മണ്ഡലത്തിലെ പൊതുരാഷ്ട്രീയാവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമാണെന്നാണ് ഇപ്പോള്‍ സിപിഎം വിലയിരുത്തുന്നത്. ഇതു മുതലാക്കാനാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുസ്തഫയിലേക്ക് നീണ്ടത്. എംഎല്‍എയുടെ പ്രവര്‍ത്തനത്തില്‍ മുസ്ലിം ലീഗ് പോലും അസംതൃപ്തരാണെന്നും കുഞ്ഞമ്പു തുടക്കമിട്ട വികസന പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതായും സിപിഎം നേതൃത്വം പറയുന്നു.
2011ലെ തെരഞ്ഞെടുപ്പില്‍ പിബി അബ്ദുല്‍ റസാഖ് 49817 വോട്ടും ബിജെപിയിലെ കെ സുരേന്ദ്രന്‍ 43989 വോട്ടും സിഎച്ച് കുഞ്ഞമ്പു 35067 വോട്ടുകളുമാണ് പെട്ടിയിലാക്കിയത്. സിഎച്ച് കുഞ്ഞമ്പുവിനെക്കാള്‍ 14810 വോട്ടുകള്‍ പിബി അബ്ദുല്‍ റസാഖിന് അധികമുണ്ട്. ഇത്രയേറെ വോട്ടുകള്‍ മാറ്റി മറിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഭഗീരതയത്‌നം തന്നെയാണ്. എങ്കിലും സിപിഎം പ്രതീക്ഷ കൈവിടുന്നില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ മാനസീകാവസ്ഥ ഇക്കുറി തങ്ങളെ തുണയ്ക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. അതിനനുസൃതമായ പുത്തന്‍ തന്ത്രങ്ങളുമായാണ് മഞ്ചേശ്വരത്തെ ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ പോരാട്ടം. ആസന്നമായ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും എല്‍.ഡി.എഫുമായിരിക്കും ഫൈനലിലെത്തുന്നതെന്നും ചര്‍ച്ചയുണ്ട്. ഈ പോരാട്ടത്തിന്റെ വിളംബരം കൂടിയാകും ജനുവരി രണ്ടാം വാരത്തില്‍ ഉപ്പളയില്‍ നിന്നാരംഭിക്കുന്ന പിണറായി വിജയന്റെ കേരളയാത്ര.

Post a Comment
0 Comments