ജെയ്‌സാല്‍മീര്‍: (www.evisionnews.in) പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യന്‍ സേനയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ സൈനികോദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ പൊഖ്‌റാനില്‍ നിന്നാണ് ഗോവര്‍ധന്‍ സിംഗ് റാത്തോഡ് എന്ന മുന്‍ സൈനികോദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. താരാ റാം എന്ന റവന്യൂ ഇന്‍സ്‌പെക്ടറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ചയാണ് അറസ്റ്റ് നടന്നത്.
പൊഖ്‌റാനില്‍ ആണവപരീക്ഷണം നടന്നതിന് തൊട്ടടുത്തുള്ള ഗ്രാമമായ ഖിട്ടോലി സ്വദേശിയാണ് ഗോര്‍ധന്‍ സിംഗ് റാത്തോഡ്. പൊഖ്‌റാന്‍ സൈനികകേന്ദ്രങ്ങളുടെ വിശദാംശങ്ങളടങ്ങുന്ന മാപ്പ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ക്ക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് സൂചന. അടുത്തിടെ സൈന്യം നടത്തിയ യുദ്ധപരിശീലനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയതായാണ് സൂചന. സൈന്യത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പ്രദേശമാണ് പൊഖ്‌റാന്‍ എന്നതിനാല്‍ അറസ്റ്റിന് അതീവപ്രാധാന്യമാണ് അധികൃതര്‍ നല്‍കുന്നത്.
രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും എടിഎസ് സംഘങ്ങളും ബോര്‍ഡര്‍ സെക്യൂരിറ്റിയും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ജോധ്പൂരിലെ ഫലോഡി മേഖലയില്‍ നിന്നും രണ്ട് ഐഎസ്‌ഐ ഏജന്റുകളെ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment
0 Comments