കാസര്‍കോട്:(www.evisionnews.in)രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണയ്ക്കായി കേരള-കര്‍ണ്ണാടക സര്‍ക്കാരിന്റെ സംയുക്ത പദ്ധതിയായ ഗിളിവിണ്ടു 2016 ഫെബ്രുവരി 23 ന് ഉദ്ഘാടനം ചെയ്യും. ഗോവിന്ദപൈ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം വീരപ്പമൊയ്‌ലി എം പിയുടെയും ഗോവിന്ദപൈ മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെയും സാന്നിധ്യത്തില്‍ മഞ്ചേശ്വരത്തെ കവി ഭവനത്തില്‍ നടന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമായത്. മഞ്ചേശ്വരത്ത് കവി ഭവനത്തോട് ചേര്‍ന്ന 1.83 ഏക്കര്‍ സ്ഥലത്താണ് ഗിളിവിണ്ടു പദ്ധതി നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഭവനിക എന്ന ഓഡിറ്റോറിയം, സാകേതം സാംസ്‌കാരിക കേന്ദ്രം, യക്ഷഗാന മ്യൂസിയം, ലൈബ്രറി തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. നാലുകോടിയോളം രൂപ ചെലവിലാണ് ഭവനിക ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന് പുറമെ കര്‍ണാടക സര്‍ക്കാരിന്റെ 1.50 കോടി, ഭാരത് പെട്രോളിയത്തിന്റെ 1.25 കോടിയും ഉണ്ട്. കവി ഗോവിന്ദപൈയുടെ ഭവനം പൈതൃകസ്വത്തായി സംരക്ഷിക്കും. കവിയുടെ കൃതികള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. കൂടാതെ യക്ഷഗാനകലാരൂപത്തിന് മാത്രമായി ഒരു മ്യൂസിയവും ഒരുക്കും. കവിയുടെ ജന്മദിനമായ മാര്‍ച്ച് 23 നകം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. നിര്‍മ്മിതി കേന്ദ്രത്തിനാണ് ഗിളിവിണ്ടു പദ്ധതിയുടെ നിര്‍മ്മാണ ചുമതല.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, മഞ്ചേശ്വരം ബി ഡി ഒ സി കെ മോഹനന്‍ നായര്‍ , ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ഗോവിന്ദപൈ ട്രസ്റ്റ് ട്രഷറര്‍ ബി കെ കക്കില്ലായ, ജോ. സെക്രട്ടറി എം ജെ കിണി, സുഭാഷ ചന്ദ്ര കണ്വതീര്‍ത്ഥ, ഡോ വിവേക് റൈ, ആര്‍ ഭരതാദ്രി, പ്രവീണ്‍ കുമാര്‍, തേജോമയ, വില്ലേജ് ഓഫീസര്‍ മാലിങ്ക നായിക്, ലൈബ്രേറിയന്‍ ശരത് ചന്ദ്ര, ജീവന്‍ റാം സുള്ള്യ, നിര്‍മ്മിതി കേന്ദ്രം എഞ്ചിനീയര്‍ ആര്‍ സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. കെ സത്യനാരായണതന്ത്രി സ്വാഗതം പറഞ്ഞു.

Post a Comment
0 Comments