കാസര്കോട് (www.evisionnews.in): നിരവധി ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പാതിവഴിയിലായ ഗ്യാസ് ലൈന്‍ പദ്ധതിയുടെ നടത്തിപ്പില്‍ ജാഗ്രതക്കുറവുണ്ടെന്ന ആക്ഷേപം ശക്തമാകുന്നു. മിക്കയിടങ്ങളിലും ഒരുവര്‍ഷം മുമ്പ് ഇറക്കിയ ഇരുമ്പ് പൈപ്പുകളാണ് ഇപ്പോള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുള്ളത്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് ഗ്യാസ് പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്.
വിളകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയാണ് പലയിടങ്ങളിലും സ്ഥലമേറ്റെടുക്കല്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ജാഗ്രതയോടെ നടത്തേണ്ട പ്രവൃത്തിയായിട്ടും മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് പൂര്‍ത്തീകരിച്ച് പോവുകയാണ് ചെയ്യുന്നത്. ഗ്യാസ് പൈപ്പ്‌ലൈന്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും അധികൃതര്‍ കാട്ടുന്ന ജാഗ്രതക്കുറവിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും പൈപ്പ് സ്ഥാപിക്കുന്ന ഇടങ്ങളില്‍ എത്തുന്നില്ലെന്നാണ് ആക്ഷേപം.
അതിനിടെ സുരക്ഷിതമല്ലാത്ത രീതിയില്‍ കയറ്റിക്കൊണ്ടുവന്ന കൂറ്റന്‍ ഇരുമ്പ് പൈപ്പ് ഹരിപുരം ഉദയനഗര്‍ റോഡില്‍ വീണത് ഏറെനേരം ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉദയനഗര്‍ കവലയിലാണ് രണ്ട് ടണ്‍ ഭാരമുള്ള ഇരുമ്പ്‌പൈപ്പ് റോഡിലേക്ക് വീണത്. ഒടുവില്‍ ജെ.സി.ബി.യുടെ സഹായത്തോടെയാണ് ഇരുമ്പ്‌പൈപ്പ് തിരിച്ചുകയറ്റിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ഭാവിയില്‍ അപകടം ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
Keywords: Kasaragod-news-gas-pipeline-road-accident-construction

Post a Comment
0 Comments