Type Here to Get Search Results !

Bottom Ad

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: എസ്.എന്‍.ഡി.പി നേതാവിനെതിരെ ചീമേനിയിലും കേസ്


തൃക്കരിപ്പൂര്‍: (www.evisionnews.in) എസ്.എന്‍.ഡി. പിയുടെ മറവില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ജാമ്യം ലഭിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും വ്യാജം. കഴിഞ്ഞ ആഴ്ച പോലീസി ല്‍ കീഴടങ്ങി ജാമ്യമെടുത്ത തൃക്കരിപ്പൂരിലെ ഉദിനൂര്‍ സുകുമാരനെതിരെ (42) ചീമേനി പോലീസ് കേസെടുത്തു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് അനുവദിച്ച വായ്പ തട്ടിയെടുത്ത സംഭവത്തില്‍ ഉദിനൂര്‍ സുകുമാരന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യാജരേഖകള്‍ സമര്‍പ്പിച്ചത്.

ബാങ്ക് രസീത് , സംഘങ്ങളുടെ പേരുകള്‍ എന്നിവയാണ് വ്യാജമാണെന്ന് തെളിഞ്ഞത്. തൃക്കരിപ്പൂരിലേയും പരിസര പ്രദേശങ്ങളിലേയും 16 ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച 32 ലക്ഷം രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് ചന്തേര പോലീസ് സുകുമാരനെതിരെ കേസെടുത്തത്. 

ഗ്രൂപ്പ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ വ്യാജ ഒപ്പും അംഗങ്ങളുടെ ഫോട്ടോയും നല്‍കിയാണ് പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ തരപ്പെടുത്തിയത്. ചെറുകിട സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനാണ് വായ്പ അനുവദിച്ചത്. ചന്തേരക്ക് പുറമെ ബേക്കല്‍, വെള്ളരിക്കുണ്ട്, ചീമേനി സ്റ്റേഷന്‍ പരിധിയിലും മൈക്രോഫിനാന്‍സ് തട്ടിപ്പിന് കേസുണ്ട്. 

കോര്‍പ്പറേഷന്‍ നല്‍കിയ വായ്പ വിതരണം ചെയ്യാതെ 14 ശതമാനം പലിശക്ക് ധനലക്ഷ്മി ബാങ്കിന്റെ ചീമേനി ബ്രാഞ്ചില്‍ നിന്ന് വായ്പയെടുത്താണ് സംഘങ്ങള്‍ക്ക് നല്‍കിയത്. ഇതിന്റെ തിരിച്ചടവ് തൃക്കരിപ്പൂര്‍ യൂണിയന്‍ ഓഫീസിലായിരുന്നു. അംഗങ്ങള്‍ തിരിമറി അറിയാതിരിക്കാനാണ് യൂണിയന്‍ ഓഫീസില്‍ പണം അടക്കാന്‍ സൗകര്യം ഒരുക്കിയത്. 

ധനലക്ഷ്മി ബാങ്ക് മാനേജരുടെ പരാതിയില്‍ ഇന്നലെ യാണ് ചീമേനി പോലീസ് സുകുമാരനെതിരെ കേസെടുത്തത്. ബാങ്കിന്റെ വ്യാജ രസീത് ഉണ്ടാക്കി പണം തട്ടിയതിനാണ് കേസ്. ജാമ്യം ലഭിക്കുന്നതിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ചില വിവരങ്ങള്‍ വ്യാജമാണെന്ന് കോടതിയും കണ്ടെത്തി . പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച വായ്പ സ്വയം തൊഴിലിന് വിനിയോഗിക്കാതെ വന്നപ്പോള്‍ മറ്റ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയെന്നാണ് പറയുന്നത്. ഇതിനായി ചില ഗ്രൂപ്പുകളുടെ പേരും നല്‍കിയിരുന്നു. 

എസ് എന്‍ ഡി പിയിലെ ചില സംസ്ഥാന നേതാക്കളുടെ മൗനാനുവാദവും ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സംശയം. കാരണം ഇത്രയും തട്ടിപ്പുകള്‍ നടത്തിയിട്ടും സംഘടന സുകുമാരനെതിരെ നടപടിയെടുത്തിട്ടില്ല. ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള പത്രത്തിന്റെ കാസര്‍കോട് ലേഖകന്‍ കൂടിയാണ് സുകുമാരന്‍.

keywords: micro-finance-sndp-leader-case






Post a Comment

0 Comments

Top Post Ad

Below Post Ad