Type Here to Get Search Results !

Bottom Ad

വോട്ടുവണ്ടി പര്യടനം തുടങ്ങി


കാസര്‍കോട്‌:  (www.evisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഒരുക്കിയ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണം തുടങ്ങി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എഡിഎം എച്ച് ദിനേശന്‍ , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി റെജില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍,എ.ഡി.പി പി. മുഹമ്മദ് നിസാര്‍, ഹുസ്സൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ത്രിതല പഞ്ചായത്തുകളിലേക്ക് കേരളത്തില്‍ ആദ്യമായാണ് മൂന്ന് ബാലറ്റ് യൂണിറ്റുകളുളള വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വോട്ടു ചെയ്യേണ്ട രീതി സംബന്ധിച്ച് സമ്മതിദായകര്‍ക്ക് ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു . ഇത് പരിഹരിക്കാനാണ് സംസ്ഥാനത്താകമാനം വോട്ടുവണ്ടി പര്യടനം നടത്തുന്നത്. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്ത് നോക്കുന്നതോടൊപ്പം വോട്ടിംഗിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വാഹനത്തില്‍ വിതരണത്തിനുണ്ട്. വോട്ട് വണ്ടി എത്തിയ വിവിധ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന വോട്ടര്‍മാരും പുതുതലമുറയിലെ വോട്ടര്‍മാരും വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം കാണാനെത്തി. ഒട്ടേറെ പേര്‍ വോട്ട് രേഖപ്പെടുത്തി സംതൃപ്തരായി. 

വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിട്ടുളളത്. വോട്ടര്‍മാര്‍ ഈ മൂന്ന് തലങ്ങളിലേക്ക് ഓരോ വോട്ട് സഹിതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തും. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബല്‍ പതിച്ചിരിക്കും. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ഒരു ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കുകയും അതോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെ ചുവന്ന ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ മറ്റ് രണ്ട് തലങ്ങളിലേയ്ക്കും വോട്ട് രേഖപ്പെടുത്താം. ബ്ലോക്ക് തലത്തിലുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും പതിപ്പിച്ചിരിക്കും. മൂന്ന് തലത്തിലും ക്രമമായി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ അവസാന ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പൂര്‍ത്തിയാക്കാം. ശേഷം വോട്ടിംഗ് പൂര്‍ത്തിയാക്കി എന്ന് വ്യക്തമാക്കുന്ന ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും, ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളു. ഭാഗികമായി വോട്ടുകള്‍ രേഖപ്പെടുത്തുമ്പോള്‍ യന്ത്രത്തിലെ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാത്രമേ എന്റ് ബട്ടണ്‍ ഉപയോഗിക്കാവു . എന്റ് ബട്ടണ്‍ അമര്‍ത്തി കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. . വോട്ട് ചെയ്യുന്ന രീതി സംബന്ധിച്ച ഇത്തരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥര്‍ വോട്ടര്‍മാര്‍ക്ക് സവിസ്തരം പറഞ്ഞ് പഠിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെ കെ.സുരേഷ്, എന്‍. കിരണ്‍കുമാര്‍, ടി.കെ.കൃഷ്ണന്‍ എന്നിവരാണ് വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നത്. 

ബുധനാഴ്ച്ച സിവില്‍ സ്റ്റേഷന്‍ ,മൊഗ്രാല്‍, കുമ്പള, ഹൊസങ്കടി, പെര്‍ള, ബദിയഡുക്ക, ചെര്‍ക്കള, ചട്ടംഞ്ചാല്‍ , പൊയിനാച്ചി, പെരിയ, എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വ്യാഴാഴ്ച്ച വെള്ളിക്കോത്ത് , അമ്പലത്തറ, ഒടയംഞ്ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, ബളാതോട്, പാണത്തൂര്‍, പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് പര്യടനം. 31 ന് ഭീമനടി, നര്‍ക്കിലക്കാട്, ചിറ്റാരിക്കല്‍, കുന്നുംകൈ, കരിന്തളം, ചോയംങ്കോട്, ചെറുവത്തൂര്‍, കാലിക്കടവ്, കരിവള്ളൂര്‍, തൃക്കരിപ്പൂര്‍, എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 

Keywords: kasaragod-election-vote-vandi

Post a Comment

0 Comments

Top Post Ad

Below Post Ad