ഇന്നത്തെപോലെ വാട്ട്‌സ് ആപോ,ഫേസ്ബുക്കോ ഇല്ലാത്ത കാലം.ഉപ്പ വന്നു വീട്ടില്‍ പറയുമ്പോഴാകും സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന്‌പോലും അറിയുക.പിന്നെ അത് മറ്റുള്ളവരോട് അറിയിക്കാനുള്ള വെമ്പലായിരിക്കും.അതിനുള്ള അവസരം മദ്‌റസയില്‍ ചെന്ന് അറിയിക്കുമ്പോഴാണ് ഉണ്ടാവുക.
അങ്ങിനെ ഉള്ള ഒരുകാലത്ത് ഉസ്താദില്ലാത്ത ഒരു ദിവസം ബോര്‍ഡില്‍ പാര്‍ട്ടി ചിഹ്നം വരച്ചതിന്റെ പേരില്‍ കിട്ടിയതകട്ടെ ഒരു വലി ശിക്ഷ. നൂറ്റമ്പത് ഏത്തമിടല്‍. ന്യൂജെനിന് അറിയാത്ത ശിക്ഷയാണ് ഈ ഏത്തമിടല്‍. ഞാന്‍ കൗതുകത്തോടെ ഇപ്പോള്‍ ഓര്‍ക്കുകയാണ്.
സ്ഥാനാര്‍ത്ഥികള്‍ വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ അവരുടെ വലായി ഞങ്ങളും തൂങ്ങി കൂടും. വലിയ കോളാമ്പിമൈക്ക് കെട്ടി കുതിച്ച് വരുന്ന അനൗണ്‍സ്‌മെന്റ് വാഹനം എത്തിയാല്‍ പിന്നെ കുട്ടികളുടെ ഹരം ഇരട്ടിയാകും. അവരിട്ടു തരുന്ന നോട്ടീസും മറ്റും മത്സരബുദ്ധിയോടെ വാരിപെറുക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇതൊക്കെ കഴിഞ്ഞ് പോളിംഗ് ദിവസം വോട്ടര്‍മാര്‍ നിരനിരയായി സ്‌കൂള്‍ വരാന്തയില്‍ നീണ്ടുകിടക്കുന്നത് കാണുന്നത് എന്തൊരു ശേലായിരുന്നു. ഇവര്‍ക്കൊപ്പവും ഞങ്ങള്‍ കുട്ടികളുടെ ബാലനിരയുമുണ്ടാകും.വോട്ട് കഴിഞ്ഞ് വരുന്നവരുടെ കയ്യില്‍ പുരട്ടിയ മഷി കാണാന്‍ വേണ്ടി കാത്ത് നില്‍ക്കലാണ് പിന്നത്തെ പണി. ചുരണ്ടിചുരണ്ടിയാലും മായാത്ത മഷി തന്നെയായിരുന്നു അത്.
വാര്‍ദ്ധക്യ സഹജമായി വീട്ടില്‍ കഴിയുന്നവരെ വോട്ട് ചെയ്യാന്‍ വേണ്ടി വണ്ടി കൊണ്ട് വന്നാല്‍ അവരെ സഹായിക്കാനും ഞങ്ങളുടെ കുട്ടിക്കാലം മുന്നിലുണ്ടായിരുന്നു. വോട്ട് എണ്ണുന്ന ദിവസം രാവിലെ തന്നെ അങ്ങാടിയുടെ അടുത്ത് വലിയവരുടെ നിഴലായി ഞങ്ങളുമുണ്ടാകും. അവര്‍ക്ക് കിട്ടുന്ന ന്യൂസുകള്‍ ഞാനും കൂട്ടുക്കാരും കേട്ട് വീട്ടിലും പരിസരത്തുള്ള വീടുകളിലും സംപ്രേഷണം ചെയ്യും.
പാര്‍ട്ടി ചിഹ്നത്തെ കളിയാക്കിയതിന്റെ പേരില്‍ ഞാനും സുഹൃത്തും തല്ല് കൂടിയിട്ട് എന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നത് ഞാനിന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. ഏതായാലും പണ്ടത്തെ രസമൊക്കെ ഇപ്പോഴില്ല. പണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇന്ന് അതൊക്കെ മാറി. എല്ലാം സോഷ്യല്‍ മീഡിയിലൂടെയായി.ഇത് പറയുമ്പോള്‍ കഴിഞ്ഞ ദിവസം വാട്‌സ്അപ്പ് കണ്ട ഒരു കമന്റ് ഓര്‍മ വരുന്നു. 'പ്രചരണങ്ങള്‍ വാട്‌സ്അപ്പിലായാല്‍ ഭരണവും വാട്‌സപ്പില്‍ ആകുമോ?
Keywords: election-article-ph-adhoor-

Post a Comment
0 Comments