കാസര്‍കോട് (www.evisionnews.in): ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സി. പി. എമ്മിനോട് മൃദുസമീപനത്തോടെയുള്ള പ്രാദേശിക സഖ്യനീക്കങ്ങള്‍ക്ക് മുസ്ലിംലീഗിനുള്ളില്‍ ചര്‍ച്ചകള്‍ മുറുകി. ആര്‍. എസ്. എസ് കേന്ദ്രഭരണത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് മതേതര ശക്തികളുടെ കൂട്ടായ്മ ഉയര്‍ത്തിപ്പിടിച്ചും മുസ്ലിം ലീഗ് അഭിപ്രായഭിന്നതകള്‍ തല്‍ക്കാലം മാറ്റിവെച്ച് സി. പി. എമ്മിനോട് മൃദുസമീപനം സ്വീകരിക്കണമെന്ന പുതിയ അടവുനയം രൂപീകരിക്കുന്നത്. അതിനിടെ ബി. ജെ. പി. യെ തോല്‍പ്പിക്കാന്‍ വേണ്ടി വന്നാല്‍ സി.പി.എമ്മിനെ പ്രാദേശികമായി സഹായിക്കാന്‍ മുസ്ലിം ലീഗ് തയാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാണക്കാട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതതല യോഗത്തിലാണ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ സഹായിക്കാമെന്ന ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞത്.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തന്ത്രപരമായ പ്രാദേശിക സഖ്യമാണ് മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്തു തന്ത്രവും പയറ്റും. കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത പഞ്ചായത്തുകളിലായിരിക്കും സി.പി.എമ്മിനെ സഹായിക്കാന്‍ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുന്നത്. യു.ഡി.എഫില്‍ മലബാര്‍ ജില്ലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസും ലീഗും പടലപ്പിണക്കത്തിലാണ്. ഇതിനു പുറമെയാണ് സ്വകാര്യ സര്‍വ്വകലാശാല, അറബിക് സര്‍വ്വകലാശാല, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയെച്ചൊല്ലി കോണ്‍ഗ്രസും ലീഗും കൊമ്പുകോര്‍ക്കുന്നത്.
മുസ്ലിം ലീഗും സി.പി.എമ്മും തമ്മില്‍ അടവുനയങ്ങള്‍ പ്രാവര്‍ത്തികമായാല്‍ കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിക്ക് ഏറെ വിയര്‍ക്കേണ്ടിവരും. കാല്‍ നൂറ്റാണ്ടിലേറെയായി ഭരണം തുടരുന്ന മധൂരിലും സിപിഎമ്മുമായി ലീഗ് കൈകോര്‍ത്താല്‍ താമരക്കുപകരം മധുവാഹിനിയുടെ തീരത്ത് പുതിയ ്ചരിത്രം വിരിയും. മുള്ളേരിയക്കുസമീപമുള്ള ബെള്ളൂര്‍-നെട്ടെണിഗെ പഞ്ചായത്തിലും നിലവില്‍ സി. പി. എം ഭരണം തുടരുന്നത് തിരഞ്ഞെടുപ്പുകാലത്ത് ലീഗുമായുണ്ടാക്കിയ രഹസ്യധാരണയെ തുടര്‍ന്നാണ്. അത് ഇക്കുറിയും ആവര്‍ത്തിച്ചാല്‍ ബി. ജെ. പിക്ക് തന്നെയാണ് നഷ്ട്ം. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും കെ.പി.എ മജീദ് പാണക്കാട്ടെ യോഗാനന്തരം പറഞ്ഞിരുന്നു.
Keywords:Kasaragod-cpm-league-news-election-kpa majeed

Post a Comment
0 Comments