Type Here to Get Search Results !

Bottom Ad

കാസര്‍കോട് തുറമുഖ നിര്‍മ്മാണത്തില്‍ ടോട്ടല്‍ തട്ടിപ്പ്: കേന്ദ്രത്തെ അറിയിക്കുമെന്ന് എം. പി


കാസര്‍കോട്: (www.evisionnews.in) നാല്‍പ്പത് കോടിയോളം രൂപ ചെലവില്‍ കാസര്‍കോട് കസബ കടപ്പുറത്ത് നിര്‍മിക്കുന്ന തുറമുഖ നിര്‍മാണത്തില്‍ ടോട്ടല്‍ തട്ടിപ്പെന്ന് ആരോപണം. വിവരമറിഞ്ഞ് പി. കരുണാകരന്‍ എം. പി. സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുടെ ആവലാതികള്‍ കേട്ടു. 

പുലിമുട്ടിനു വീതിയില്ലാത്തതിനാല്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് ഒരുമിച്ചു തുറമുഖത്തേക്ക് പ്രവേശിക്കാനാവില്ലെന്നും ബോട്ടുകള്‍ കടന്നുപോകുന്ന അഴിമുഖ ചാനലില്‍ മണല്‍ നിറഞ്ഞതിനാല്‍ ബോട്ടുകള്‍ ഇതില്‍തട്ടി തകരുമെന്നാണ തൊഴിലാളികളുടെ പരാതി. 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത്. പുലിമുട്ടിന് 570 മീറ്റര്‍ നീളമുണ്ട്.

പുലിമുട്ടിന്റെ നിര്‍മാണ പ്രവൃത്തിക്കിടെ മല്‍സ്യ തൊഴിലാളി സംഘടനകളും ധീവര സഭയും പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തുറമുഖത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയാക്കാനിരിക്കെയാണ് തൊഴിലാളികള്‍ വീണ്ടും പരാതിയുമായി എം. പിയെ സമീപിച്ചത്. പുലിമുട്ടിനായി പാകിയ കരിങ്കല്ലുകള്‍ ഇളകിയിട്ടുണ്ട്. പുലിമുട്ടിന്റെ മുകളിലൂടെ തിരമാലകള്‍ അടിച്ചു കയറുന്ന കാഴ്ച്ചയാണിപ്പോള്‍. 

പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് മിഷന്‍ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രൂപരേഖ പ്രകാരമാണ് പുലിമുട്ട് നിര്‍മിച്ചതെന്നാണ് തുറമുഖ വകുപ്പ് എന്‍ജിനീയറുടെ വിശദീകരണം. ജലനിരപ്പില്‍ നിന്ന് അഞ്ച് മീറ്റര്‍ ഉയരത്തിലും ഏഴര മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് പണിതത്. ആവശ്യമായ ഉയരമില്ലാത്തതിനാല്‍ മീതെ അടിച്ചു കയറി തിരമാല കരിങ്കല്ലുകളെ വീഴ്ത്തുകയായിരുന്നു. നിലവിലെ പുലിമുട്ടിനു വീതി കൂട്ടി കടലിലേക്ക് നീളം കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

നിലവില്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്റെ പ്രവേശന കവാടത്തില്‍ കടല്‍ക്ഷോഭം ഇല്ലാത്ത സമയങ്ങളില്‍ പോലും ശക്തമായ തിരമാലകള്‍ അടിക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക് അഴിമുഖ ചാനലിലൂടെ തുറമുഖത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. തുറമുഖത്തിന്റെ ഭാഗമായുള്ള വാര്‍ഫ്, തുറമുഖ ഓഫിസ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും റോഡിന്റെ പ്രവൃത്തി നടക്കുകയാണ്. 

തുറമുഖത്തെപ്പറ്റി തൊഴിലാളികളുടെ പരാതി പരിഹരിക്കണമെന്ന് പി. കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. നിര്‍മാണത്തിന്റെ അപാകതകളെക്കുറിച്ച് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നുവെങ്കിലും പരിഹരിക്കാനാവശ്യമായ നടപടിയുണ്ടായില്ലെന്ന് പുലിമുട്ട് സന്ദര്‍ശിച്ചതിനുശേഷം പി.കരുണാകരന്‍ എംപി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിപ്പെടുത്തുമെന്ന് എംപി അറിയിച്ചു.

തുറമുഖം ഉദ്ഘാടനം നടത്തിയിട്ട് കാര്യമില്ല. കാസര്‍കോട് കസബ ഉള്‍പ്പെടെയുള്ള ജില്ലയിലെ രണ്ടായിരത്തിലേറെ മല്‍സ്യ തൊഴിലാളികള്‍ക്ക് അതിന്റെ പ്രയോജനം വേണമെന്നും എംപി ആവശ്യപ്പെട്ടു. കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.എ.മാധവന്‍, സെക്രട്ടറി കെ.എസ്.ആനന്ദന്‍, മൂത്തോദി ആയത്താര്‍, രവി വെളിച്ചപ്പാടന്‍, സിപിഎം ഏരിയ സെക്രട്ടറി കെ.എ.ഹനീഫ, ഏരിയ കമ്മിറ്റി അംഗം ടി.എം.എ. കരീം, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ എന്നിവരടക്കമുള്ളവര്‍ എംപിയോടെപ്പം ഉണ്ടായിരുന്നു.

keywords: kaaragod-kasaba-fish-harbour-problem

Post a Comment

0 Comments

Top Post Ad

Below Post Ad