തിരുവനന്തപുരം: (www.evisionnews.in) വിഷപച്ചക്കറികളെയും മായം നിറഞ്ഞ നിറപറയെയും കേരളത്തിനു പുറത്തു നിര്‍ത്തി മുഖം നോക്കാതെ കര്‍ശന നടപടിയെടുത്ത ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടിവി അനുപമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നതതല രഹസ്യ നീക്കം തുടങ്ങി. അനുപമക്ക് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പദവിയില്‍ നിന്നും ഉയര്‍ന്ന സ്ഥാനമായ ജില്ലാകലക്ടറുടെ സ്ഥാനം നല്‍കി ആദരിക്കാനാണ് മാറ്റാനുള്ള രാഷ്ട്രീയ പിന്‍ബലത്തോടെ രഹസ്യ നീക്കം നടക്കുന്നത്.
നിറപറയില്‍ മായമുണ്ടെന്ന് കണ്ടെത്തിയ ഐഎഎസ് ഓഫീസര്‍ അനുപമയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.
ഫേസ്ബുക്കില്‍ 'വി സപ്പോര്‍ട്ട് യു ടിവി അനുപമ ഐഎഎസ് 'എന്ന ഒരു കമ്മ്യൂണിറ്റി പേജും പിന്തുണയ്ക്കുന്നവര്‍ ആരംഭിച്ചിട്ടുണ്ട്. മായം ചേര്‍ക്കലിനെതിരെ നടപടി ശക്തമാക്കാന്‍ ചൊവ്വാഴ്ചയും കമ്മിഷണര്‍ യോഗം വിളിച്ചു കൂട്ടിയിരുന്നു. അതേസമയം, നിരോധിച്ച ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നു പിന്‍വലിച്ചു തുടങ്ങിയതായി നിറപറ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. ഉത്പന്നങ്ങള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. മായം ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ മിക്ക കടകളില്‍നിന്നും നിറപറ അപ്രത്യക്ഷമായി.
അതിനിടെ അനുപമയെ മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ ഒരു തെന്നിന്ത്യന്‍ നടി പരാതി നല്‍കിയതായി പ്രചാരണമുണ്ട്. ഡിഎംകെയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ ഈ നടി നിറപറയുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് അനുപമയെ മാറ്റാനാണ് ശ്രമം നടക്കുന്നതെന്നാണ് അഭ്യൂഹങ്ങളുയരുന്നത്.
വിഷപച്ചക്കറികള്‍ക്കെതിരെ നടപടിയെടുത്തതിന് ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വന്‍കിട കീടനാശിനി കമ്പനികളും ടിവി അനുപമയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. നടപടികള്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണര്‍ക്കെതിരെ ഇവര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അജ്ഞാതകേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിക്കത്തുകളും വരുന്നുണ്ട്. തമിഴ്‌നാട് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ലഭിച്ച കത്തില്‍ കീടനാശിനിക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജയിലിലെത്തിക്കുമെന്നാണ് ഭീഷണി. എന്നാല്‍ കത്തിലെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സ്ഥാനത്തുനിന്നും ടിവി അനുപമയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. നിറപറയുടെ കറിപ്പൊടിക്കെതിരെ നടപടി എടുത്തതിന്റെ പേരില്‍ സര്‍ക്കാരിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് അതൃപ്തിയൊന്നും ഇല്ല. മന്ത്രിയായ തന്റെ കൂടി അറിവോടെ തന്നെയാണ് മായം ചേര്‍ത്ത കറിപ്പൊടിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
keywords: anupama-stage-remove-nirapara-ban

Post a Comment
0 Comments