Type Here to Get Search Results !

Bottom Ad

പൂവിളി കൊലവിളിയായി നാരായണന്‍ തിരുവോണനാളിലെ രണ്ടാം രക്തസാക്ഷി


കാസര്‍കോട്: (www.evisionnews.in) തിരുവോണനാളിലുയര്‍ത്തേണ്ട സമഭാവനയുടെ പൂവിളിക്ക് പകരം ജില്ലയില്‍ ഉയര്‍ന്നത് കഠാരി രാഷ്ട്രീയത്തിന്റെ കൊലവിളി. കഴിഞ്ഞ തിരുവോണനാളിലും ഇതുതന്നെയായിരുന്നു സ്ഥിതി. 

കഴിഞ്ഞ ഓണനാളില്‍ ഉദുമക്ക് സമീപം മാങ്ങാട്ടെ സി. പി. എം പ്രവര്‍ത്തകന്‍ എം. വി ബാലകൃഷ്ണനെയാണ് ഒരു സംഘം കുത്തിക്കൊന്നതെങ്കില്‍ ഈ തിരുവോണത്തിന് കോടോംബേളൂര്‍ കായക്കുന്നിലെ സി. പി. എം പ്രവര്‍ത്തകന്‍ സി. നാരായണനാണ് കൊലക്കത്തിക്കിരയായത്. 

ആസൂത്രിതമായാണ് കായക്കുന്നിലെ കൊല നടന്നതെന്ന് സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം. എല്‍. എയുമായ സി. എച്ച് കുഞ്ഞമ്പു പറഞ്ഞു. ബാലകൃഷ്ണന്‍ വധത്തിലും നാരായണന്‍ വധത്തിലും സാമ്യതകളേറെയുണ്ട്. കുത്താന്‍ ഉപയോഗിച്ച കത്തി ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണ്. 

നീളമുള്ള കത്തികൊണ്ട് ഒരൊറ്റ കുത്ത്. പിന്നെ ദേഹത്തില്‍ കറക്കിക്കുത്തി വലിച്ചൂരും. തല്‍ക്ഷണം മരണവും സംഭവിക്കും. ചോരവാര്‍ന്നൊഴുകില്ല. കുത്തേറ്റ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് മാരകമായ മുറിവേല്‍ക്കും. ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒപ്പമുണ്ടാകും. ഇതുതന്നെയാണ് ബാലകൃഷ്ണന്റെയും നാരായണന്റെയും കൊലയില്‍ കാണുന്നത്. കുഞ്ഞമ്പു വിശദീകരിച്ചു. ഇതിന് പരിശീലനം ലഭിച്ച ഒരു സംഘത്തെ ബി. ജെ. പി. പോറ്റിവളര്‍ത്തുകയാണെന്ന് കുഞ്ഞമ്പു ആരോപിച്ചു.

കായക്കുന്നിലെ പരേതനായ മാധവന്റെയും ശാന്തകുമാരിയുടെയും മകനാണ് നാരായണന്‍. ബിന്ദുവാണ് ഭാര്യ. കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിജിത്ത്, നാലാംക്ലാസ് വിദ്യാര്‍ഥി പാര്‍വതി എന്നിവര്‍ മക്കള്‍. ഉമേഷ്, ഉമ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിലാപയാത്രയായി നാട്ടിലെത്തിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എംപി, ഇ പി ജയരാജന്‍ എംഎല്‍എ തുടങ്ങിയവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നാടാകെ ഒഴുകിയെത്തി. വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 

keywords :cpm-activist-murder-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad