ദുബൈ: (www.evisionnews.in) അറ്റ്‌ലസ് ജ്വല്ലറി ഉടമ രാമചന്ദ്രനെയും മകളെയും ദുബൈ പോലീസ് അറസ്റ്റ് ചെയ്തതായി ഗള്‍ഫ് പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വായ്പ എടുത്ത 1000 കോടിയുമായി രാമചന്ദ്രന്‍ അപ്രത്യക്ഷനായെന്ന പ്രചാരണം മാധ്യമങ്ങളിലും പ്രവാസി മലയാളികളിലും ശക്തമായിരിക്കെയാണ് പിതാവിനെയും മകളെയും അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നത്. വണ്ടിച്ചെക്ക് നല്‍കിയതിന് ഇരുവര്‍ക്കുമെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ 23 മുതല്‍ രാമചന്ദ്രനും മകളും ബര്‍ദുബൈയിലെ പോലീസ് കേന്ദ്രത്തില്‍ കസ്റ്റടിയിലായിരുന്നു.
അതേസമയം 73കാരനായ രാമചന്ദ്രനെ ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ച വരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്ന പരസ്യവാക്യം അന്വര്‍ത്ഥമാക്കിയ സ്ഥാപനമായിരുന്നു രാമചന്ദ്രന്റെ അറ്റ്‌ലസ് ജ്വല്ലറി. കലാഹൃദയനായ ഇദ്ദേഹം നടനായും സിനിമാ നിര്‍മ്മാതാവും സംവിധായകനായും തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. എം. ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയുടെ നിര്‍മ്മാതാവും രാമചന്ദ്രനായിരുന്നു. യു. എ. ഇയില്‍ നിരവധി ജ്വല്ലറികള്‍ അറ്റ്‌ലസിനുണ്ട്. രാമചന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് ജ്വല്ലറി ജീവനക്കാരും പ്രതികരിക്കുന്നില്ല. വിശ്വാസവഞ്ചനക്ക് ഇരുപതോളം ബാങ്കുകളാണ് രാമചന്ദ്രനെതിരെ തിരിഞ്ഞിരിക്കുന്നത്.
അതിനിടെ ജ്വല്ലറി ഉടമകളുടെ സംഘടനയായി ദുബൈ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ത്വാഹിദ് അബ്ദുല്ല രാമചന്ദ്രന് സഹായവാഗ്ദാനവുമായി രംഗത്തുവന്നു. വിവരങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും തുടര്‍ന്ന് സംഘടന ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുമെന്നും ത്വാഹിദ് അബ്ദുല്ല പറഞ്ഞു. രാമചന്ദ്രനെ തങ്ങള്‍ അവിശ്വസിക്കുന്നില്ലെന്നും സംഘടനാ നേതാവ് വ്യക്തമാക്കി.
keywords: atlas-owner-may-arrested-in-dubai

Post a Comment
0 Comments