കുറ്റിപ്പുറം (www.evisionnews.in): ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഒരാഴ്ചപ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് തണ്ണീര്‍ക്കോട് സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിലാണ് ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: തൃശ്ശൂരില്‍നിന്ന് ബസില്‍വരുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുവരാനാണ് തണ്ണീര്‍ക്കോടുസ്വദേശി കാറുമായി ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ പെരുമ്പിലാവിലെത്തിയത്. ഭാര്യ എത്തിയശേഷം ഇരുവരും കാറില്‍ തിരൂരിലേക്ക് പോവുകയായിരുന്നു. കുറ്റിപ്പുറത്തെത്താറായപ്പോള്‍ പിറകില്‍നിന്ന് കുട്ടിയുടെ കരച്ചില്‍കേട്ട് നോക്കിയപ്പോഴാണ് പിന്‍സീറ്റില്‍ കുട്ടിയെ കിടത്തിയിരിക്കുന്നതു കണ്ടത്. പൊക്കിള്‍ക്കൊടിപോലും വേര്‍പ്പെടുത്താത്ത നിലയിലായിരുന്നു.
തുടര്‍ന്ന് ഇവര്‍ കുട്ടിയുമായി കുറ്റിപ്പുറം പോലിസ് സ്റ്റേഷനിലെത്തി. പോലിസ് കുട്ടിയെ തിരൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ പെരുമ്പിലാവില്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കുട്ടിയെ ആരെങ്കിലും കാറിനകത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പോലിസിന്റെ പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Kerala-news-police-news-baby-car-hospital-found-in-car

Post a Comment
0 Comments