Type Here to Get Search Results !

Bottom Ad

അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്ന് അക്രമം; പോലീസുകാരനെതിരെ ജാമ്യമില്ലാകേസ്

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in) അതിര്‍ത്തി തര്‍ക്കം പോലീസ് സ്‌റ്റേഷനില്‍ ഒത്ത് തീര്‍പ്പാക്കിയെങ്കിലും പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനെതിരെ ഒടുവില്‍ ജാമ്യമില്ലാകേസ്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ശ്യാംകുമാറിനെ(43)തിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 
ശ്യാംകുമാറും അയല്‍വാസി സി ഭാസ്‌കരനുമായി അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജൂണ്‍ 18 ന് ഇരു വിഭാഗവും തമ്മില്‍ സംഘട്ടനം നടക്കുകയും ശ്യാം കുമാറിനും ഭാസ്‌കരന്റെ ഭാര്യ സാവിത്രിക്കും പരിക്കേറ്റിരുന്നു. അച്ഛന്‍ കേളുവിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സാവിത്രി കല്ലെടുത്ത് തന്റെ മുഖത്തും തലക്കും കുത്തി പരിക്കേല്‍പ്പിച്ചു എന്നായിരുന്നു ശ്യാംകുമാറിന്റെ പരാതി. 
നാലോളം വീട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന പൊതുവഴി തടസ്സപ്പെടുത്തി മതില്‍ കെട്ടാന്‍ ഒരുങ്ങുന്നത് ചോദ്യം ചെയ്തതിനെ ശ്യാംകുമാറും ബന്ധുക്കളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സാവിത്രിയും പരാതിപ്പെട്ടു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രശ്‌നം ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലിന്റെ സാിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യുകയും ഒത്തു തീര്‍പ്പിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാവിത്രി കാസര്‍കോട് വനിതാ സെല്ലില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറിനെതിരെ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ നടപടിയുണ്ടായത്. 
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് ശ്യാമിനെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പോലീസ് അസോസിയേഷന്‍ അംഗമായ ശ്യാമിനെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്ത നടപടി പോലീസ് സേനയില്‍ മുറുമുറുപ്പ് ഉളവാക്കി. കേസെടുത്ത സാഹചര്യത്തില്‍ ശ്യാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വരുമെന്ന് ഉറപ്പാണ്. വനിതാ സെല്‍ ഉദ്യോഗസ്ഥ മനപൂര്‍വ്വം ശ്യാമിനെ കേസില്‍ കുടുക്കാന്‍ ധൃതി കാട്ടിയതായി അസോസിയേഷന്‍ വൃത്തങ്ങള്‍ പരാതിപ്പെട്ടു.

Keywords: kanhangad-case-for-policeman-hosdurg-mavungal-shyamkumar

Post a Comment

0 Comments

Top Post Ad

Below Post Ad