Type Here to Get Search Results !

Bottom Ad

ജനിച്ചത് ഇന്ത്യയിലായിരുന്നെങ്കില്‍ മെസ്സി പോലും ഇങ്ങനെ കളിക്കില്ല: ബൈച്ചുങ് ബൂട്ടിയ


കേരളം:(www.evisionnews.in) ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലനത്തിന്റെ അഭാവം ഏറെ ബാധിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ. ലയണല്‍ മെസ്സി പോലും ഇന്ത്യയിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍ ഇന്നത്തെ മെസ്സിയായി കളിച്ചുവളരാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. കൃത്യമായ പരിശീലന സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ആയിരക്കണക്കിന് മെസ്സിമാര്‍ ഇന്ത്യയില്‍ വളര്‍ന്നു വരുമായിരുന്നെന്നും ബൂട്ടിയ പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.
കഴിവ് തിരിച്ചറിഞ്ഞ് ചെറു പ്രായത്തില്‍ നിന്നുതന്നെ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് മെസ്സി. നമ്മുടെ രാജ്യത്തും ഇത്തരത്തില്‍ നൂറുകണക്കിന് മെസ്സിമാര്‍ ജനിക്കുന്നുണ്ടാകാം. എന്നാല്‍ അവരെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് ഇവിടെ ഫലപ്രദമായ സംവിധാനങ്ങളില്ല. പ്രതിഭയോടൊപ്പം ഉയര്‍ന്ന നിലവാരത്തിലുളള പരിശീലനവും ചേരുമ്പോഴാണ് കഴിവുള്ള താരങ്ങള്‍ ജനിക്കുന്നത്. ഐ.എം. വിജയന്‍ അടക്കമുള്ള താരങ്ങള്‍ പന്ത് തട്ടാനിറങ്ങിയപ്പോള്‍ ഒരു അക്കാദമിയില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അറിയാവുന്ന തരത്തില്‍ പന്തു തട്ടി വളര്‍ന്ന അദ്ദേഹം സ്വന്തം കഴിവും പരിശ്രമവും കൊണ്ട് മാത്രമാണ് കയറിവന്നത്. താനടക്കമുള്ള താരങ്ങള്‍ക്കും ചെറുപ്പത്തില്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ബൈച്ചുങ് ബൂട്ടിയ പറഞ്ഞു.
പ്രകടനത്തില്‍ പിന്നാക്കം പോകുന്നതിന് ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. താരങ്ങള്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനമാണ് ആവശ്യം. പുതിയ കളിക്കാരെ പഴയ താരങ്ങളുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അണ്ടര്‍ 17 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനായി ഓരോ സംസ്ഥാനത്തും നേരിട്ടെത്തി ക്യാമ്പുകള്‍ നടത്തുന്ന പരിശീലകന്റെ നടപടി നല്ല ടീമിനെ കണ്ടെത്താന്‍ സഹായിക്കും. ഐഎസ്എല്ലില്‍ ഇത്തവണയും ആരാധക പിന്തുണ ഏറ്റവും കൂടുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരിക്കുമെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

Keywords :Baichung bhutia-lionel messi-indian football-kerala blasters

Post a Comment

0 Comments

Top Post Ad

Below Post Ad