ആവേശകരമായ ഫുട്‌ബോള്‍ മത്സരത്തിന്റെ വീറും ഉദ്വേഗവും നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവിലാണു ബ്ലാറ്റര്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും വെല്ലുവിളി അതിജീവിച്ചു ഫിഫയെ നയിക്കാന്‍ തുടര്‍ച്ചയായ അഞ്ചാംവട്ടവും അര്‍ഹത നേടിയത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബ്ലാറ്റര്‍ 133 വോട്ടുകള്‍ നേടി. അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനു 73 വോട്ടാണു ലഭിച്ചത്. ആര്‍ക്കും ജയിക്കാനാവശ്യമായ വോട്ട് ലഭിക്കാതെ വന്നതോടെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്കു കടന്നു. ഈ ഘട്ടത്തില്‍ നാടകീയമായി ജോര്‍ദാന്‍ രാജകുമാരന്‍ മത്സരരംഗത്തു നിന്നു പിന്‍വാങ്ങുകയായിരുന്നു.
നേരത്തേ മത്സരരംഗത്തുണ്ടായിരുന്ന നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മിഷേല്‍ വാന്‍പ്രാഗും മുന്‍ ലോക ഫുട്‌ബോളര്‍ ലൂയി ഫിഗോയും പിന്മാറിയിരുന്നു. ഇതോടെയാണു രാജകുമാരനും ബ്ലാറ്ററും തമ്മില്‍ നേരിട്ടുള്ള മത്സരമായത്. യൂറോപ്യന്‍ ഫെഡറേഷന്‍(യുവേഫ) ഒഴികേയുള്ള എല്ലാ കോണ്‍ഫെഡറേഷനുകളുടെയും പിന്തുണ നേടാന്‍ സാധിച്ചതാണു ജോര്‍ദാന്‍ രാജകുമാരനെതിരെ ആധികാരിക ജയത്തിനു ബ്ലാറ്ററെ സഹായിച്ചത്.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ആഫ്രിക്ക(സിഎഎഫ്54)യുടെ പൂര്‍ണമായ പിന്തുണ ബ്ലാറ്റര്‍ക്കായിരുന്നു. ഒപ്പം ഏഷ്യന്‍ ഫെഡറേഷന്റെ (എഎഫ്‌സി) 46 അംഗങ്ങളുടെ പിന്തുണയും ബ്ലാറ്റര്‍ നേടി. കോണ്‍കാഫ് മേഖലയിലെയും ഓഷ്യാനിയയിലെയും ലാറ്റിനമേരിക്കയിലെയും ചില അംഗങ്ങളുടെ പിന്തുണയും മത്സരത്തിനുമുമ്പ് ബ്ലാറ്റര്‍ ഉറപ്പാക്കിയിരുന്നു. അതേസമയം, 53 അംഗങ്ങളുള്ള യുവേഫയുടെ പിന്തുണ മാത്രമാണു നേരത്തെ ജോര്‍ദാന്‍ രാജകുമാരന്‍ ഉറപ്പാക്കിയത്. 209 രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങളാണു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
Keywords: international-news-joseph-blatter-news-football-fifa-president-fifth-time

Post a Comment
0 Comments