Type Here to Get Search Results !

Bottom Ad

പാമോയില്‍ കേസ്: വി എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി


ന്യൂഡല്‍ഹി: (www.evisionnews.in) പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ കേസില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ അന്വേഷണം തുടരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വി എസ്സിന്റെ ഹര്‍ജി തള്ളിയത്. 
വിചാരണ നടക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ക്കുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് വി എസ് നടത്തുന്നതെന്ന വിമര്‍ശം സുപ്രീം കോടതി നേരത്തെ ഉന്നയിച്ചിരുന്നു. കേസ് വേഗം തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഈ നിരീക്ഷണങ്ങള്‍ കേസിനെ ബാധിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1991- 92 കാലത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം. ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയില്‍ ടണ്ണിന് 392.25 ഡോളറുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. പാമോയില്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാരിന്റെ ഭാഗത്ത് അനാസ്ഥ ഉള്ളതായും സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാണ് വി എസ്സിന്റെ ആവശ്യം.


Keywords: Pamoil case, V.S. Supreme court, reject, K.Karunakaran, power and energy limited, malaysian
Tags

Post a Comment

0 Comments

Top Post Ad

Below Post Ad