Type Here to Get Search Results !

Bottom Ad

സി.പി.എം : പി രാഘവനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നു

കാഞ്ഞങ്ങാട്: സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം എല്‍ എ യുമായ അഡ്വ. പി രാഘവനെ സി പി എം സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ പുതുമഖങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചേക്കും. പാര്‍ട്ടിക്ക് പുതിയ സെക്രട്ടറിയും വരും. നിലവില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ നാരായണന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ എന്നിവരാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലുള്ളത്. 

ജില്ലകളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം അടുത്ത തലമുറയിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പ്രായാധിക്യമുളള പരമാവധി നേതാക്കളെ ഒഴിവാക്കിയേക്കും. ചില ജില്ലകളില്‍ ഫലപ്രദമായി നടപ്പാക്കിയ ഈ മാറ്റം പക്ഷേ , സംസ്ഥാന തലത്തില്‍ അത്ര എളുപ്പമല്ല. സജീവമായി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ പ്രായത്തിന്റെ പേരില്‍ മാത്രം ഒഴിവാക്കുക പ്രയാസമാണ്. പ്രത്യേക പ്രായം നിശ്ചയിച്ച് അതിന് മുകളിലുളളവരെയെല്ലാം ഒരു പോലെ ഒഴിവാക്കാനും കഴിയില്ല. 91 കാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കൂടിയ അംഗം. വി.എസ് ഉള്‍പ്പെടെ ചിലര്‍ക്കെങ്കിലും പ്രായത്തില്‍ ഇളവനുവദിക്കേണ്ടിവരും.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനായി സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന ചില അംഗങ്ങളെ ജില്ലാ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയ മാതൃകയും സംസ്ഥാന കമ്മിറ്റിയില്‍ പ്രായോഗികമല്ല. പി.ബി അംഗം എം.എ.ബേബി ഒഴികെ കേരളത്തില്‍ നിന്നുളള കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയല്ലാം പ്രവര്‍ത്തന മേഖല കേരളമാണ്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ ബേബിയും തയ്യാറായേക്കില്ല.

നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. നിലവിലെ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് എം.പി, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പുത്തലത്ത് ദിനേശന്‍, എ.കെ.ജി സെന്റര്‍ ഓഫീസ് സെക്രട്ടറി കെ. സജീവന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയേക്കും.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ് എന്നിവരും പുതിയ കമ്മിറ്റിയിലെത്താം. പി രാഘവന് പുറമെ സംസ്ഥാനത്തെ മറ്റു വിവിധ ജില്ലകളില്‍ നിന്ന് വി. ശിവന്‍കുട്ടി, സി. ജയന്‍ബാബു, എസ്. ജയമോഹന്‍, പി.ആര്‍. വസന്തന്‍ , ടി.കെ. ദേവകുമാര്‍, കെ. സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാര്‍, സുജ സൂസന്‍ ജോര്‍ജ്, എന്‍. എന്‍. കൃഷ്ണദാസ് തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്.

പ്രായാധിക്യത്തിന്റെ പേരില്‍ ഒഴിവാക്കാനിടയുള്ള നേതാക്കളില്‍ പാലൊളി മുഹമ്മദ് കുട്ടി, ടി.ശിവദാസ മേനോന്‍, എം.കെ. ഭാസ്‌കരന്‍, സി.ടി.കൃഷ്ണന്‍, കെ.എന്‍.രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, കെ.എം. സുധാകരന്‍, വി.ആര്‍. ഭാസ്‌കരന്‍ എന്നിവരും ഉള്‍പ്പെടുന്നു.

keywords: cpm-p-rakhavan-state-committee

Post a Comment

0 Comments

Top Post Ad

Below Post Ad