Type Here to Get Search Results !

Bottom Ad

വിലത്തകര്‍ച്ചക്കെതിരെ കലക്ട്രേറ്റിന് മുന്നില്‍ റബ്ബര്‍ കര്‍ഷകരുടെ കൂട്ട ഉപവാസം



കാസര്‍കോട്: (www.evisionnews.in)  വിലത്തകര്‍ച്ചയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന റബര്‍ കര്‍ഷകരുടെ പ്രതിഷേധമായി ഉപവാസം. വിലത്തകര്‍ച്ചയില്‍നിന്ന് റബര്‍ കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ബുധനാഴ്ച രാവിലെ പത്തുമുതല്‍ അഞ്ചുവരെ കലക്ടറേറ്റിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. ഇടതുപക്ഷ കര്‍ഷക സംയുക്ത സമരസമിതി നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. രാജ്യത്ത് ഏറ്റവുമധികം റബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലാണ്. ഒരുവര്‍ഷം മുമ്പ് 240 രൂപയുണ്ടായിരുന്ന ഒരു കിലോ റബറിന് ഇപ്പോള്‍ 100 രൂപയില്‍ താഴെയാണ്. റബര്‍ വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറാകുന്നില്ല. കര്‍ഷകര്‍ ടാപ്പിങ് ഉപേക്ഷിച്ചിരിക്കുകയാണ്. 
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ കണ്ണീര്‍ കണ്ട് രസിക്കുകയാണ്. 30 രൂപ അധികവിലയില്‍ റബര്‍ സംഭരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. ടയര്‍ വ്യവസായികള്‍ക്ക് ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെസ് ഒഴിവാക്കി ആര്‍എസ്എസ് നാലിന് 130 രൂപ നിശ്ചയിച്ച് സംഭരിക്കണമെന്ന് ടയര്‍ കമ്പനികളുടെയും വ്യാപാരികളുടെയും യോഗം നടത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും മാറ്റമുണ്ടായില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം.
കോണ്‍ഗ്രസ് എസ് സംസ്ഥാനപ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി കെ നായര്‍ അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം വി കോമന്‍നമ്പ്യാര്‍, ജില്ലാപ്രസിഡന്റ് പി ജനാര്‍ദനന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ), കോണ്‍ഗ്രസ് എസ് സംസ്ഥാനസെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ജലീല്‍, വി നാരായണന്‍, ഇ കെ നായര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.


Keywords: collectorate, Rubber, Kasaragod, Upavasam

Post a Comment

0 Comments

Top Post Ad

Below Post Ad