Type Here to Get Search Results !

Bottom Ad

കുണിയ മുതല്‍ ചാലിങ്കാല്‍ വരെയുളളറോഡുകളിലെ കുഴി ഉടന്‍ നികത്തും-ജില്ലാ വികസന സമിതി

കാസര്‍കോട് :(www.evisionews.in)ദേശീയ പാതയില്‍ കുണിയ മുതല്‍ ചാലിങ്കാല്‍ വരെയുളള  കുഴികള്‍ ഒരാഴ്ചയ്ക്കകം നികത്താന്‍ ജില്ലാ വികസന സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.  ഈ റോഡില്‍ നിരവധി കുഴികള്‍ഉളളതിനാല്‍  വാഹനയാത്ര ദുസ്സഹമായിരിക്കുന്നു. ശബരിമല തീര്‍ത്ഥാടകരുടെ നിരവധി വാഹനങ്ങള്‍  ദിനംപ്രതി കടന്നുപോകുന്നതിനാല്‍ അറ്റകുറ്റപ്പണി ഉടന്‍ നടത്തേണ്ടതുണ്ട്. 
ജില്ലയില്‍  ഭൂമി കൈവശമുണ്ടായിട്ടും പട്ടയം ലഭിക്കാത്തവരുടെ  എണ്ണം തിട്ടപ്പെടുത്തണമെന്ന്   ഉദ്യോഗസ്ഥര്‍ക്ക്  യോഗം നിര്‍ദ്ദേശം നല്‍കി. പട്ടയം ലഭിക്കാത്തവരുടെ വ്യക്തമായ കണക്ക് ലഭിക്കാനും പട്ടയം നല്‍കാത്തതിന്റെ കാരണവും ഉദ്യോഗസ്ഥര്‍ ബോധിപ്പിക്കണം. 
നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫീസിനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി  ആവശ്യമായ തുക  അടച്ചതായി  അധികൃതര്‍ അറിയിച്ചു. ഉടന്‍തന്നെ ഈ ക്വാട്ടേഴ്‌സിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. 
കാസര്‍കോട് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റി (കാഡ)യില്‍ നിന്നും വായ്പ എടുത്തിട്ടുളളവരുടെ ലിസ്റ്റ്  സമര്‍പ്പിക്കാന്‍  യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഡ വായ്പ എടുത്തവര്‍ വായ്പ തിരിച്ചടക്കാന്‍ തയ്യാറാണെങ്കിലും  അവരുടെ  ഭൂമിയുടെ രേഖകള്‍  എവിടെയാണ് സൂക്ഷിച്ചിട്ടുളളതെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.  
ബദിയടുക്ക, കുമ്പഡാജെ റൂട്ടില്‍ സ്വകാര്യ ബസ്സ് ഉടമകള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍  ബസ്സ്‌റൂട്ട് അനുവദിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ യാത്രപ്രശ്‌നം നേരിടുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കുടിശ്ശികയായി  ഉണ്ടായിരുന്ന 13.65 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.  പുതുതായി ലഭിച്ച ഒരു കോടി രൂപ ജനുവരി അഞ്ചിനകം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  കാലിക്കടവ് റസ്റ്റ് ഹൗസില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാനും  ഫര്‍ണ്ണിച്ചറുകള്‍ ലഭ്യമാക്കാനും യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.  
യോഗത്തില്‍ എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍(ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി,  സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എഡിഎം എച്ച് ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍ , വിവിധ വകുപ്പ് മേധാവികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 

keywords : kuniya-chalingal-road-dig-development

Post a Comment

0 Comments

Top Post Ad

Below Post Ad