Type Here to Get Search Results !

Bottom Ad

ഘര്‍വാപ്പസിക്കെതിരെ ചെന്നിത്തല; പരാതി കിട്ടിയാല്‍ കേസെടുക്കും


കാഞ്ഞങ്ങാട് : (www.evisionnews.in) ആര്‍ എസ് എസ്- വിശ്വഹിന്ദു പരിഷത്ത് സംഘടനകള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഘര്‍വാപ്പസി പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രംഗത്ത് വന്നു.
ഘര്‍വാപ്പസിയുടെ പേരില്‍ സംസ്ഥാനത്ത് സംഘപരിവാര്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ 130-ാം ജന്മദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ നയിക്കുന്ന കോണ്‍ഗ്രസ് ജന്മദിന ജ്യോതി പ്രയാണ ജാഥ ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്. ആപത്ക്കരമായ ഇത്തരം പ്രവണതകളില്‍ നിന്ന് സംഘപരിവാര്‍ സംഘടനകള്‍ പിന്‍മാറണമെന്നും നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതപരിവര്‍ത്തനമെന്നും പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുക്തഭാരതം ഒരു മോഡിയല്ല ആയിരം മോഡിമാര്‍ വിചാരിച്ചാലും നടക്കില്ല. കോണ്‍ഗ്രസ് ശക്തിയോടെ തിരിച്ചു വരും. 
കോണ്‍ഗ്രസ് ഭരണകാലത്ത്ചില അപചയങ്ങള്‍ സംഭവിച്ചു എന്ന് തുറന്നു സമ്മതിക്കുന്നു. ഇതിലൂടെ പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായി മുന്നേറുക തന്നെ ചെയ്യുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു. 
30 ശതമാനം വോട്ട് നേടിയ ബി ജെ പി രാജ്യത്ത് അധികാരത്തിലേറിയത് 70 ശതമാനത്തോളം വരുന്ന മതേതര വോട്ടുകള്‍ ഭിന്നിച്ചതു കൊണ്ടാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ ഡോ. എസ് എന്‍ സുബ്ബറാവുവിനെ രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് ആദരിച്ചു. 
കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ വെളുത്തമ്പു, പി ഗംഗാധരന്‍ നായര്‍, അഡ്വ. എം സി ജോസ്, പി എ അഷ്‌റഫ് അലി, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു തുടങ്ങിയവരും ഡി സി സി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി കെ ചന്ദ്രശേഖരന്‍ സ്വാഗതവും കെ വി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ജ്യോതി പ്രയാണം നാളെ രാവിലെ 9 മണിക്ക് തൃക്കരിപ്പൂരില്‍ നിന്നാരംഭിച്ച് വൈകിട്ട് 5 ന് ഹൊസങ്കടിയില്‍ സമാപിക്കും.


Keywords: Gharvapasi, Ramesh Chennithala, complaint, case, Modi, Kashmeer, Kanyakumari

Post a Comment

0 Comments

Top Post Ad

Below Post Ad