Type Here to Get Search Results !

Bottom Ad

ക്രിക്കറ്റ്‌ പിച്ചില്‍ വീണ്ടും ദുരന്തം: പന്ത് കൊണ്ട അമ്പയര്‍ മരിച്ചു


ജറുസലെം: (www.evisionnews.in)   കളിക്കളത്തിലെ ചോരപ്പാടുകള്‍ അവസാനിക്കുന്നില്ല. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്തു കൊണ്ട് മരണത്തിന് കീഴടങ്ങിയ ഓസ്‌ട്രേലിയന്‍ താരം ഫിലിപ് ഹ്യൂസിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്ക് പിന്നാലെ മറ്റൊരു ദുരന്ത കഥ കൂടി. ഇസ്രായേല്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും അമ്പയറുമായ ഹില്ലേല്‍ ഓസ്‌കാറാണ് ഇസ്രായേല്‍ ആഭ്യന്തര ലീഗ് മത്സരം നിയന്ത്രിക്കുന്നതിനിടെ തലയില്‍ പന്തുകൊണ്ട് മരണമടഞ്ഞത്. ഹ്യൂസ് മരണത്തിന് കീഴടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ദുരന്തം. 
ദക്ഷിണ ഇസ്രായേലിലെ തുറമുഖ നഗരമായ ആഷ്‌ദോദിലായിരുന്നു സംഭവം. ഇസ്രായേല്‍ ദേശീയ ലീഗ് മത്സരം നിയന്ത്രിക്കുന്നതിനിടെ ബാറ്റ്‌സ്മാന്‍ അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് 55 കാരനായ ഓസ്‌കാറിന്റെ തലയില്‍ പതിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. തനിക്ക് നേരെ വരുന്ന പന്തിന്റെ ദിശയില്‍ നിന്നും ഓസ്‌കാര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയും മുമ്പേ പന്ത് ശിരസിലടിക്കുകയായിരുന്നു. ഉടനെ തന്നെ അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഭ്യന്തര ലീഗില്‍ ഈ സീസണിലെ അവസാന മത്സരമായിരുന്നു ഇതെന്ന് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നാവോര്‍ ഗുഡ്കര്‍ പറഞ്ഞു. 
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരം നിയന്ത്രിച്ചു പരിചയമുള്ള രാജ്യാന്തര അമ്പയറായിരുന്നു ഓസ്‌കാര്‍. രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് പിച്ചവച്ചു തുടങ്ങുന്ന ഇസ്രായേല്‍ ദേശീയ ടീമിന്റെ മുന്‍ താരവും ക്യാപ്റ്റനുമായിരുന്ന ഓസ്‌കാര്‍ അമ്പയറിങ് രംഗത്ത് നല്ല ഭാവിയുള്ള വ്യക്തിയായിരുന്നെന്നും ഗുഡ്കര്‍ അനുസ്മരിച്ചു. 
മരണത്തിന് ഇടയാക്കുന്ന അപകടങ്ങള്‍ ക്രിക്കറ്റ് രംഗത്ത് അസാധാരണമാണെങ്കിലും ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് മരണങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെട്ടുത്തുന്നതിനെകുറിച്ച് ചിന്തിക്കാന്‍ ഈ അപകടങ്ങള്‍ വഴിതെളിക്കുമെന്നുറപ്പ്.

Keywords: Cricket pitch, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad