രാഷ്ട്രീയ പാരമ്പര്യത്തിന്റെ അനുഭവങ്ങളും തെഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഉള്‍ക്കരുത്തും ഒത്തുചേര്‍ന്ന മികവിന്റെ പേരാണ് കെ.ബി.കുഞ്ഞാമു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ മുസ്‌ലിംലീഗിനെ ഒറ്റയ്ക്ക് വിജയത്തിലേക്കെത്തിച്ചത് കുഞ്ഞാമുവിന്റെ തന്ത്രമായിരുന്നു. കുഞ്ഞാമുവിന്റെ രാഷ്ട്രീയ അടവുകള്‍ ഇന്നുവരെ പിഴച്ചിട്ടില്ല. കണക്കുകൂട്ടലുകളുടെ ഈ കൃത്യത തന്നെയാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയെ ശ്രദ്ധേയനാക്കുന്നത്. അടുക്കത്ത ബയല്‍ യു.പി.സ്‌കൂളിലെ പഠനകാലത്താണ് കുഞ്ഞാമു രാഷ്ട്രീയത്തില്‍ പയറ്റിതുടങ്ങുന്നത്. എതിര്‍പാളയങ്ങളെ ആസൂത്രണത്തോടെ അതിജയിക്കാനുള്ള ശീലം അന്നെ തുടങ്ങിയതാണ്.
നന്നെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡണ്ട് സ്ഥാനത്തും അവരോധിതനായത് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നു. അതിനിടയിലാണ് പ്രവാസിയുടെ കുപ്പായമിട്ട് ജിദ്ദയിലേക്ക് ചേക്കേറിയത്. നാട് അകലെയാണെങ്കിലും കുഞ്ഞാമുവുമെന്ന സംഘാടനകന് അടങ്ങിയരിക്കാനായില്ല. അങ്ങനെയാണ് ജിദ്ദ കാസര്‍കോട് കെ.എം.സി.സി രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജീവകാരുണ്യ രംഗത്ത് ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജിദ്ദ കാസര്‍കോട് കെ.എം.സി.സിയുടെ അമരസ്ഥാനത്ത് 35 വര്‍ഷകാലം നിറഞ്ഞുനിന്നു. പ്രസിഡണ്ട്, സെക്രട്ടറി...അങ്ങനെ അങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം വളരെ വിജയത്തോടെയാണ് ചെയ്തുതീര്‍ത്തത്. പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതോടെ പാര്‍ട്ടിയില്‍ വീണ്ടും സജീവമായി. അങ്ങനെ അധികം വൈകാതെ കുഞ്ഞാമു പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സ്ഥാനത്തേക്കുമെത്തി. മുന്‍ നിരയില്‍ കയറി നിന്ന് കയ്യടി വാങ്ങുന്നതിനേക്കാളും വിജയങ്ങള്‍ക്കു പിന്നില്‍ വിനയാന്വിതനാവാനാണ് അദ്ദേഹത്തിന് ഇഷ്ടം. എരിയാല്‍ ജമാഅത്തിന്റെ പ്രസിഡണ്ട് എന്ന നിലയിലും ഈ നാടിന്റെ ഹൃദയത്തോട് അദ്ദേഹം ചേര്‍ന്നു നില്‍ക്കുന്നു. കാസര്‍കോട്ടെ ജിസ്തിയ മോട്ടോര്‍ സര്‍വ്വീസിന്റെ പാര്‍ട്ട്ണര്‍കൂടിയാണ് കുഞ്ഞാമു. ഒരു നാടിന്റെ ആത്മാവിനോട് ജിസ്തിയ എത്രത്തോളം ചേര്‍ന്നുകിടക്കുന്നുവോ അത്രത്തോളം ആഴത്തിലാണ് കെ.ബി.കുഞ്ഞാമു നാടിന്റെ ഹൃദയത്തില്‍ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നത്.
keywords : starbook-kb-kunjamo-mogral-puthur

Post a Comment
0 Comments