Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്ക് എന്നും അവഗണന - കല്‍പ്പറ്റ നാരായണന്‍


കാസര്‍കോട് (www.evisionnews.in): സി.പി.എം. കേരളത്തില്‍ ആരംഭിച്ച ശുചീകരണ സമരങ്ങള്‍ അനുകമ്പയാണ് അര്‍ഹിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. നരേന്ദ്ര മോഡിയെ അനുകരിക്കുകയാണവര്‍. സമരം നടത്താന്‍ സിപി.എമ്മിന് വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിഷാംശം കലരാത്ത ഭക്ഷ്യവസ്തുക്കള്‍ക്കു വേണ്ടി അവര്‍ക്കു സമരം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ജയനാദം മാസികയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മൊയ്തീന്‍ അംഗഡിമുഗറിന്റെ 'അധിനിവേശത്തിലേക്കുള്ള ദൂരം' എന്ന കവിതാസമാഹാരം സിറ്റി ടവര്‍ ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നിരോധനം അടിസ്ഥാനമില്ലാത്ത ഒരു നടപടിയാണ്. കേരളത്തില്‍ വേണ്ടത് വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനും ലഭ്യമാക്കാനും ഉള്ള നടപടിയാണ്.

കേരളത്തിലിപ്പോള്‍ മലയാളികളില്ല. അവര്‍ മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ്. മലയാളികളുടെ ചുമതല വഹിക്കുന്ന യഥാര്‍ത്ഥ മലയാളികള്‍ ഗള്‍ഫിലാണ്. നമുക്കെപ്പോഴും പ്രവാസികളെ പരിഹസിക്കാനാണ് താല്‍പര്യം. അവരുടെ രചനകളെ പോലും വെറുതെ വിടുന്നില്ല. പ്രവാസികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ നാം വിസ്മരിക്കുന്നു. കേരളത്തിലെ തൊഴില്‍ രംഗം ബംഗാളികളും ബീഹാറികളും കയ്യടക്കിയിരിക്കയാണ്. നമ്മുടെ എല്ലാ ജോലികളും ചെയ്യുന്നതും അവരാണ്. നമുക്ക് വിദ്യാഭ്യാസം വേണ്ടാതായിരിക്കുന്നു. മനുഷ്യനായി മാറാനുള്ള പരിശീലനമാണ് അറിവിലൂടെ ലഭിക്കേണ്ടത്. ക്വസ്റ്റ്യന്‍ പേപ്പര്‍ ഓറിയന്റഡാണ് ഇപ്പോള്‍ വിദ്യാഭ്യാസവും പരീക്ഷയും. മനസില്‍ സൂക്ഷിക്കപ്പെടാത്ത ഉത്തരങ്ങളായി വിദ്യാഭ്യാസം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അകന്നു നില്‍ക്കുമ്പോഴാണ് അടുപ്പം കൂടുതല്‍ അടുപ്പമുള്ളതും ഇഷ്ടങ്ങള്‍ കൂടുതല്‍ ഇഷ്ടമുള്ളതും ആകുന്നത്. കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്കു വളര്‍ത്തിയതില്‍ പ്രവാസികള്‍പ്പെട്ട പാട് വളരെ വലുതാണ്. പ്രവാസ ജീവിതത്തിലെ വിഷമങ്ങളും നാട്ടില്‍ നിന്നു അകന്നു നില്‍ക്കുമ്പോഴുണ്ടാകുന്ന വിഹ്വലതകളും വീര്‍പ്പുമുട്ടലുകളും ആശങ്കകളും അസ്വസ്ഥതകളുമാണ് അവരെ എഴുത്തുകാരാക്കുന്നത്. അഭിമാനത്തോടെ നാട്ടിലേക്കുള്ള മടങ്ങി വരവ് സ്വപ്‌നം കാണുന്നവരാണ് പ്രവാസികള്‍. അത്തരത്തിലുള്ള പ്രവാസ ജീവിതത്തിലെ വിഹ്വലതകളും അവിടെ നിന്നു നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമാണ് മൊയ്തീന്‍ അംഗഡിമുഗറിന്റെ കവിതകളില്‍ കാണുന്നതെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.

റഹ്മാന്‍ തായലങ്ങാടി പുസ്തകം ഏറ്റുവാങ്ങി. എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി. അടിക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മുജീബ് അഹമ്മദ്, ഖാലിദ് പൊവ്വല്‍ സമ്മാനിച്ചു. പി.എസ്. ഹമീദ് ടി.എ. ശാഫി, ശാഫി എ. നെല്ലിക്കുന്ന്, മുഹമ്മദ് നിസാര്‍ പെര്‍വാര്‍ഡ്, സ്‌കാനിയ ബെദിര,നിസാര്‍ പെരുവാഡ്, പത്മനാഭന്‍ ബ്ലാത്തൂര്, വിനോദ് കുമാര്‍ പെരുമ്പള, ഹമീദ് കാവില്‍, കെ.പി.എസ് വിദ്യാനഗര്‍ എന്നിവര്‍ പ്രസംഗിച്ചു. 


evisionnews

Keywords: Kasaragod-jayanadam-book-releasing-gulf-pravasi-kalpatta narayanan 

Post a Comment

0 Comments

Top Post Ad

Below Post Ad