കണ്ണൂര്‍: (www.evisionnews.in) പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവരംഗം മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു ഡോക്‌ടര്‍മാര്‍ക്കു സസ്‌പെന്‍ഷന്‍. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ടി.വി. മനോജ്‌കുമാര്‍, ഡോ. വി.വി. മധുസൂദനന്‍, അനസ്‌തെറ്റിസ്‌റ്റ് ഡോ. ടി.പി. സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ.) ഡോ: കെ.ജെ. റീനയാണു ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്.
പ്രസവം ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ: കെ.ജെ. റീന പ്രാഥമിക അന്വേഷണം നടത്തി ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്ക് ഇമെയില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്നും സംഭവത്തില്‍ കൂടുതല്‍ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താലൂക്കാശുപത്രിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആശുപത്രി ജീവനക്കാരായ ഒന്‍പതും പുറത്തുനിന്നുള്ള നാലുപേരില്‍നിന്നു തെളിവെടുത്തു. എന്നാല്‍ പ്രസവരംഗം ചിത്രീകരിച്ച സമയത്ത് ഓപ്പറേഷന്‍ തിയറ്ററിലുണ്ടായിരുന്ന ഡോക്‌ടര്‍മാര്‍ തെളിവെടുപ്പിനു ഹാജരായില്ല. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി.
സംഭവത്തില്‍ ആഭ്യന്തര വകുപ്പ് കര്‍ശനനടപടി സ്വീകരിക്കണമെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി കെ.കെ. ഷൈലജ ആവശ്യപ്പെട്ടു. കുറ്റക്കാര്‍
ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പി.കെ.ശ്രീമതി എം.പി. കേന്ദ്ര ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി, സംസ്‌ഥാന ആരോഗ്യമന്ത്രി, വനിതാ കമ്മിഷന്‍ എന്നിവരോടു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നടപടി ആവശ്യപ്പെട്ടു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂര്‍ ഡി.എം.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.കെ. ഷൈലജ ഉദ്‌ഘാടനം ചെയ്‌തു.
അറസ്‌റ്റ് തടയണമെന്ന ആവശ്യം തള്ളികൊച്ചി: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവശസ്‌ത്രക്രിയ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്‌റ്റ് തടയണമെന്ന പ്രതികളായ ഡോക്‌ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഡോക്‌ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് അറിയാനായി ജസ്‌റ്റിസ് വി.കെ. മോഹനന്‍ 30ലേക്കു മാറ്റി.പ്രതികളുടെ അറസ്‌റ്റ് തടയുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുമെന്നും കോടതി നിരീക്ഷിച്ചു. സാധാരണക്കാരായ സ്‌ത്രീകള്‍ക്കു പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കാനാവില്ലല്ലോയെന്നും കോടതി ചോദിച്ചു. ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തിയെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ പ്രതികളുടെ അറസ്‌റ്റ് തടയാനാവില്ലെന്നും കോടതി പറഞ്ഞു.
ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്‌റ്റ് തടയണമെന്നായിരുന്നു ഡോക്‌ടര്‍മാരുടെ ആവശ്യം. ഡോക്‌ടര്‍മാരായ വി.വി. മധുസൂദനന്‍, മനോജ്‌കുമാര്‍, സുനില്‍ എന്നിവരാണ് പ്രസവശസ്‌ത്രക്രിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും ശസ്‌ത്രക്രിയക്കു വിധേയയായ സ്‌ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
- See more at: http://beta.mangalam.com/print-edition/keralam/231867#sthash.fAWKm1P7.dpuf
Post a Comment
0 Comments