മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ കുപെര്‍ഷിനോയില്‍ ചൊവ്വാഴ്ച രാത്രിയാണ്, വലിയ സ്‌ക്രീനോടുകൂടിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ അവതരിപ്പിച്ചത്.
സാധാരണഗതിയില്‍ ആപ്പിളിന്റെ ഐഫോണുകള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തി മാസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ എത്തുക. ഇക്കാര്യത്തില്‍ ആപ്പിളിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
ഇത്തവണ അതില്‍ മാറ്റം വരുന്നു എന്നാണ്, ആപ്പിള്‍ ഇന്ത്യയുടെ വെബ്ബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരം സൂചിപ്പിക്കുന്നത്. ഐഫോണ്‍ 6 ഒക്ടോബര്‍ 17 ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് സൈറ്റില്‍ കൊടുത്തിട്ടുള്ളത്.
അമേരിക്കയില്‍ രണ്ടുവര്‍ഷത്തെ കരാറോടുകൂടിയാണ് ഇരുഫോണുകളും എത്തുന്നത്. കരാര്‍ ഉള്‍പ്പടെ 200 ഡോളര്‍ മുതലാണ് ഐഫോണ്‍ 6 ന്റെ വില; ഐഫോണ്‍ 6 പ്ലസിന്റേത് 300 ഡോളര്‍ മുതലും. ഇതു മോഡലുകളും സപ്തംബര്‍ 19 ന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തും.
അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തി ഒരു മാസം തികയും മുമ്പാണ് ഇന്ത്യയിലും പുതിയ ഐഫോണുകള്‍ എത്തുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇവയുടെ വില എത്രയാകുമെന്ന് ആപ്പിള്‍ ഒരു സൂചനയും നല്‍കുന്നില്ല. ഏതായാലും ഇന്ത്യയില്‍ 50,000 രൂപ പരിധിക്ക് മുകളിലായിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
'കൈയിലൊതുങ്ങാത്ത ഫോണ്‍ ഉപഭോക്താക്കള്‍ വെറുക്കുമെന്ന' ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബിന്റെ നിഗമനം തള്ളിക്കളഞ്ഞുകൊണ്ടാണ് വലിയ ഫോണുകളുമായി ആപ്പിള്‍ രംഗത്തെത്തുന്നത്. 4.7 ഇഞ്ചാണ് ഐഫോണ്‍ 6 ( iPhone 6 ) ന്റെ സ്‌ക്രീന്‍ വലിപ്പമെങ്കില്‍, ഫാബ്‌ലറ്റ് വിഭാഗത്തില്‍ പെടുന്ന ഐഫോണ്‍ 6 പ്ലസിന്റെ ( iPhone 6 Plus ) സ്‌ക്രീന്‍ 5.5 ഇഞ്ച് വലിപ്പമുള്ളതാണ്.
ഗെയിമുകള്‍ കളിക്കാനും വീഡിയോ കാണാനുമായാണ് വലിയ സ്‌ക്രീനുള്ള ഫോണുകള്‍ കൂടുതല്‍ പ്രചാരം നേടിയത്. അത്തരം ഫോണുകളുടെ ജനസമ്മതി കണക്കിലെടുത്താണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
മാത്രമല്ല, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ വിഹിതം കുറയുന്നതും വലിയ ഫോണുമായി രംഗത്തെത്താന്‍ ആപ്പിളിന് പ്രേരണയായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ കണക്ക് പ്രകാരം, 2013 ലെ രാണ്ടാം പാദത്തില്‍നിന്ന് 2014 ആയപ്പോഴേക്കും, ആഗോള വിപണിയില്‍ ഐഫോണിന്റെ വിഹിതം 13 ശതമാനത്തില്‍നിന്ന് 11.7 ശതമാനമായി കുറഞ്ഞു. അതേസമയം, ഐഫോണിന്റെ പ്രതിയോഗികളായ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വിഹിതം കൂടുകയും ചെയ്തു.
കൂടുതല്‍ മിഴിവ്, കൂടുതല്‍ കരുത്ത്
സ്‌ക്രീന്‍ വലിപ്പം മാത്രമല്ല, പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും മിഴിവും ഉള്ളതാണ് ഐഫോണ്‍ 6. എ8 ( A8 ) ചിപ്പാണ് ഇരു മോഡലുകള്‍ക്കും കരുത്തു പകരുക. ഫോണിന്റെ വേഗം 25 ശതമാനം വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് ആപ്പിള്‍ വെളിപ്പെടുത്തുന്നു.
ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 8 ( iOS 8 ) ലാണ് ഐഫോണ്‍ 6 പ്രവര്‍ത്തിക്കുക.
കൂടുതല്‍ മികവാര്‍ന്ന ഡിഡ്‌പ്ലേയാണ് ഐഫോണ്‍ 6 ന്റേത്. 'റെറ്റിന എച്ച്ഡി' ( retina HD ) എന്നാണ് ഈ ഡിസ്‌പ്ലേയെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. ഒരിഞ്ചില്‍ 326 പിക്‌സല്‍ ( 326 ppi ) ആണ് ഇതിന്റെ മിഴിവ് (റിസല്യൂഷന്‍ 1334 X 750 പിക്‌സല്‍). അതേസമയം ഐഫോണ്‍ 6 പ്ലസില്‍ ഇത് ഇഞ്ചൊന്നിന് 401 പിക്‌സല്‍ ( 401ppi ) ആണ് ( റിസല്യൂഷന്‍ 1920 X 1080 പിക്‌സല്‍).
ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 6. കനം വെറും 6.9 മില്ലീമീറ്റര്‍ മാത്രം. ഐഫോണ്‍ 6 പ്ലസിന്റെ കനം 7.1 മില്ലീമീറ്റര്‍.
ഐഫോണ്‍ 6 മോഡലുകളില്‍ 8എംപി 'ഐസൈറ്റ് ക്യാമറ' ( iSight camera ) ആണുള്ളത്. ഐഫോണ്‍ 6 ഉപയോഗിച്ച് 43 എംപി പനോരമ ഫോട്ടോകള്‍ എടുക്കാന്‍ കഴിയും.
ഐഫോണിലെ ബാറ്ററിയെക്കുറിച്ച് പരാതി പറയുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഉദ്ദേശിച്ചാണ് ഐഫോണ്‍ 6 എത്തുന്നത്. ഐഫോണ്‍ 5എസിനെ അപേക്ഷിച്ച് മികച്ച ബാറ്ററി ലൈഫ് ഐഫോണ്‍ 6 ന് ആപ്പിള്‍ ഉറപ്പ് നല്‍കുന്നു.
ഐഫോണ്‍ 6 ല്‍ 3ജി സംസാരസമയം 14 മണിക്കൂറാണ്. 3ജി, 4ജി നെറ്റ്‌വര്‍ക്കുകളില്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് സമയം 10 മണിക്കൂര്‍ ലഭിക്കുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. ഐഫോണ്‍ 6 പ്ലസില്‍ ബാറ്ററി ലൈഫ് ഇതിലും കൂടുതലാണ്. ഇതില്‍ 3ജി സംസാരസമയം 24 മണിക്കൂറും, വെബ്ബ് ബ്രൗസിങ് സമയം 12 മണിക്കൂറുമാണ്.
ആപ്പിളിന്റെ പുതിയ ധനവിനിമയ സര്‍വീസായ 'ആപ്പിള്‍ പേ' ( Apple Pay ) സംവിധാനത്തെ പിന്തുണയ്ക്കുന്നതാണ് ഐഫോണ്‍ 6. സ്‌റ്റോറുകളിലെ പേമെന്റ് ടെര്‍മിനലുകളില്‍ ഐഫോണ്‍ 6 ഒന്ന് ടാപ്പ് ചെയ്യേണ്ട ആവശ്യമേയുള്ളൂ, കാശ് കൈമാറാന്‍ ബാരോമീറ്റര്‍ അടക്കമുള്ള പുതിയ സെന്‍സറുകള്‍ ഐഫോണ്‍ 6 ല്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നെസ് ആപ്പുകളെ ഇത് സാഹിയിക്കും. ഫോണ്‍ കൈയിലുള്ളയാള്‍ മലമുകളിലേക്ക് ഓടുകയാണോ അതോ നിരന്ന സ്ഥലത്തൂകൂടിയാണോ ഓടുന്നത് എന്നൊക്കെ ഫോണിന് തിരിച്ചറിയാന്‍ കഴിയും.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആപ്പിളിന്റെ ശരീരത്തിലണിയാവുന്ന ഉപകരണമായ 'ആപ്പിള്‍ വാച്ചും' കുപെര്‍ഷിനോയില്‍ അവതരിപ്പിക്കപ്പെട്ടു.
Keywords: Iphone, India, September, Battery, payment terminal, tage
Post a Comment
0 Comments