തിരുവനന്തപുരം:- (www.evisionnews.in) സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പ്രശ്‌നം ഏത് വിധത്തില്‍ പരിഹരിക്കുമെന്നറിയാതെ വിദ്യാഭ്യാസ വകുപ്പ് തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വേഗത്തില്‍ തന്നെ പ്രഖ്യാപിച്ചുവെങ്കിലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും വിഷമവൃത്തത്തിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനവാരമാകുമ്പോഴേക്കും ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നു. ഇത്തവണ ആഗസ്ത് മാസം പകുതിയാകാറായിട്ടും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന്റെ തുടക്കം തന്നെ വിവാദത്തിലകപ്പെട്ടിരിക്കുന്നു. ആദ്യം നടത്തിയ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതേ രീതിയില്‍ വിജയിച്ചവരെ അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമായെങ്കിലും മൊത്തത്തില്‍ പ്രവേശനം കിട്ടാതെ വിദ്യാര്‍ത്ഥികളുടെ എണ്ണം പിന്നെയും ഏറി വന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകള്‍ ഇത്തവണ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്.എഫ്.ഐയും എ.ബി.വി.പിയും ഈ പ്രശ്‌നമുയര്‍ത്തി സമരത്തിനിറങ്ങിയിരിക്കുന്നു. ഭരണപക്ഷ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു പോലും വിദ്യാഭ്യാസ വകുപ്പിനെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു.
വകുപ്പിനെ ശരിയായ രീതിയില്‍ കൊണ്ടു പോകാന്‍ വിദ്യാഭ്യാസമന്ത്രിക്ക് താല്‍പ്പര്യമുണ്ടെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും ചേരിപ്പോരും പ്രതിസന്ധിക്ക് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ ആരായുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി രാജിവെച്ചതായി പ്രചാരണമുയര്‍ന്നിട്ടുണ്ട്. സിക്രട്ടറി ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും അദ്ദേഹം സ്ഥാനമൊഴിഞ്ഞുവെന്നാണ് വകുപ്പിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ വിവാദം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്.
ആഗസ്ത് 20നകം ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുറപ്പുമില്ല. അധ്യായനവര്‍ഷം തുടങ്ങി 2 മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ പല സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ വിതരണത്തിനെത്തിയിട്ടില്ല. ഇതിന് പുറമെ പാഠപുസ്തകങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിനെതിരെയും വിമര്‍ശനമുണ്ട്. പുസ്തകങ്ങളുടെ ക്വാളിറ്റി കൂട്ടിയതിനാലാണ് വിലവര്‍ദ്ധനവെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ബന്ധപ്പെട്ടവരുടെ മറുപടി. ആഗസ്ത് 13നകം മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്യുമെന്ന് അധികൃതര്‍ പറയുന്നു.
Keywords: Plus one, education department, S.S.L.C, preference, Allotment, Educational minister, Private secretary, higher secondary, S.F.I, A.B.V.P, No seat, in doubt, K.S.U

Post a Comment
0 Comments