Type Here to Get Search Results !

Bottom Ad

മറാഠി ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി.യില്‍ സംവരണമായി


കാസര്‍കോട്: (www.evisionnews.in) പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് വര്‍ഷങ്ങളോളം ഒഴിവാക്കപ്പെട്ടിരുന്ന മറാഠിവിഭാഗത്തിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ സംവരണമായി. മറാഠികളെ പട്ടികവര്‍ഗത്തില്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി കമ്മീഷന്റെ വെബ് സൈറ്റില്‍വന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മറാഠികളെ പട്ടികവര്‍ഗത്തില്‍പ്പെടുത്തിയ ഭേദഗതി അംഗീകരിച്ചെങ്കിലും പി.എസ്.സി.യുടെ തീരുമാനം വന്നിരുന്നില്ല. 
സര്‍ക്കാര്‍ജോലിക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ പട്ടികവര്‍ഗം എന്ന് മറാഠി ഉദ്യോഗാര്‍ഥികള്‍ക്ക് ഇനിമുതല്‍ രേഖപ്പെടുത്താം. പി.എസ്.സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ മറാഠികള്‍ ജാതി തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെട്ട് പ്രൊഫൈലില്‍ മാറ്റം വരുത്തേണ്ടിവരും. 
കിര്‍ത്താഡ്‌സ് 2002-ല്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.സി, എസ്.ടി. നിയമഭേദഗതി പ്രകാരമാണ് മറാഠിസമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളില്‍ പിന്നാക്കം നില്ക്കുന്ന മറാഠിവിഭാഗത്തിന് സംവരണം നിഷേധിച്ചത് ശാസ്ത്രീയ സര്‍വേ ഇല്ലാതെയായിരുന്നു.
ഒമ്പതുവര്‍ഷത്തെ രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ മറാഠി വിഭാഗത്തെ 2013 സപ്തംബര്‍ 18-ന് പട്ടികവര്‍ഗത്തില്‍പ്പെടുത്തിയത്. സംസ്ഥാന മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വൈകി. ഒടുവില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുതൊട്ടുമുമ്പാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. എന്നാല്‍, ഇതില്‍ പി.എസ്.സി. പ്രത്യേക തീരുമാനമെടുക്കണമെന്ന നിയമവശമാണ് കേരള സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണത്തില്‍നിന്ന് മറാഠികളെ അകറ്റിനിര്‍ത്തിയത്.
മറാഠി സംരക്ഷണസമിതി പ്രസിഡന്റ് ശ്യാമപ്രസാദ് നായ്ക്ക് മാന്യ, സുബ്രായന്‍ നായ്ക്ക്, ശശികുമാര്‍ നായ്ക്, വിശ്വനാഥ നായ്ക്ക്, രാധാകൃഷ്ണന്‍, ഗോപാലന്‍ നായ്ക്ക് എന്നിവരടങ്ങിയ സംഘം പ്രശ്‌നം പി.എസ്.സി.യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ജില്ലയിലെ പതിനായിരത്തോളം മറാഠി ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ജില്ലയില്‍ 30,000 പേരാണ് മറാഠി വിഭാഗത്തിലുള്ളത്. 2001-ലെ കണക്കുപ്രകാരം 27,828 പേര്‍ മറാഠിസമുദായത്തിലുണ്ടായിരുന്നു. ഇപ്പോള്‍ 27,498 പേരുണ്ടെന്നാണ് പറയുന്നത്. ആദൂര്‍, പനത്തടി, ബായാര്‍, ദേലംപാടി, എന്‍മകജെ, നെട്ടണിഗെ തുടങ്ങിയ പ്രദേശങ്ങളിലാണ് മറാഠിസമുദായക്കാര്‍ കൂടുതലായുള്ളത്.

Keywords: Maratti students, Kasaragod, P.S.C, website, scheduled cast, Other Backward Class, Adhoor, Delampady, Bayar, Panathadi, Bayar, Nettanige, Marathi community

Post a Comment

0 Comments

Top Post Ad

Below Post Ad