Wednesday, 29 March 2023

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തല്‍ക്കാലമില്ല; കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മെയ് 10ന് ഒറ്റഘട്ടമായാണ് കര്‍ണാടക നിയമസഭാ തിരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 36 സീറ്റുകള്‍ എസ്.സി വിഭാഗത്തിനും 15 സീറ്റുകള്‍ എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. 5.21കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.

നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. ഇത്തവണ 9.17 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്. ഏപ്രില്‍ ഒന്നിന് പതിനെട്ട് വയസ്സ് തികയുന്നവര്‍ക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ നിലവില്‍ പാര്‍ട്ടിക്ക് 118 സീറ്റുകളുണ്ട്. കോണ്‍ഗ്രസിന് 72, ജെ.ഡി.എസിന് 32 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജാതിസമുദായ സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് നിരീക്ഷിക്കുന്നത്.

Related Posts

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് തല്‍ക്കാലമില്ല; കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.