Tuesday, 28 February 2023

വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു; വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു


കാസര്‍കോട്: വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതായി ബന്ധപ്പെട്ട പരാതിയില്‍ വീട്ടമ്മയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന റാബിയ എന്ന വീട്ടമ്മയ്‌ക്കെതിരെയാണ് പൊതുപ്രവര്‍ത്തകനായ ചെര്‍ക്കള എരിയപ്പാടിയിലെ വൈഎ മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കേസെടുത്തത്.

തെക്കില്‍ വിലേജിലെ റീസര്‍വേ നമ്പര്‍ 91/4 സി1ല്‍ പെട്ട 50 സെന്റ് സ്ഥലം റാബിയ വൈഫ് ഓഫ് അഹ്മദ് എന്നവര്‍ക്ക് പതിച്ച് നല്‍കിയതായും എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ പേര് കെകെ അബൂബക്കര്‍ എന്നാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പട്ടയം കൈവശപ്പെടുത്തിയതെന്നും പട്ടയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം കേസെടുത്തിരിക്കുന്നത്. പട്ടയം കൈവശപ്പെടുത്തിയ ഭൂമി വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 26 സെന്റ്, അഞ്ച് സെന്റ് എന്നിങ്ങനെ ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2423/19, 1192/ 2020 ആധാര്‍ പ്രകാരം കൈമാറ്റം ചെയ്തതായി കാണിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. റാബിയയുടെ ഭര്‍ത്താവിന് മുളിയാര്‍ വിലേജില്‍ 12 സെന്റ് ഭൂമിയുള്ളതായും അതിനോട് ചേര്‍ന്നുള്ള 12 സെന്റ് ഭൂമിക്ക് വേണ്ടി എല്‍എ 63/ 06 പ്രകാരം അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ തെക്കില്‍ വിലേജ് ഓഫീസര്‍ നല്‍കിയ റിപോര്‍ട് അനുസരിച്ച് റാബിയ ഒരു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും ഭര്‍ത്താവിന്റെ പേര് കെകെ അബൂബകര്‍ ആണെന്നും പിതാവിന്റെ പേരാണ് അഹ്മദ് എന്നും വിവാഹത്തിന് മുമ്പ് തന്നെയാണ് റാബിയ പട്ടയം സ്വന്തമാക്കിയതെന്നും വ്യക്തമാക്കുന്നു.

മുളിയാര്‍ വിലേജ് ഓഫീസര്‍ നല്‍കിയ റിപോര്‍ടില്‍ ഇവരുടെ ഭര്‍ത്താവ് കെകെ അബൂബകറിന് 12 സെന്റ് ഭൂമി ഉള്ളതായും അത് കൂടാതെ സര്‍വേ നമ്പര്‍ 23/ 3 ല്‍ പെട്ട 12 സെന്റ് സ്ഥലം മതില്‍ കെട്ടി സ്വന്തം പേരിലാക്കിയിട്ടുണ്ടെന്നും ഇതിന് അപേക്ഷയും നല്‍കിയതായും പറയുന്നു. ഇതുസംബന്ധിച്ച് ഈ സ്ഥലത്തില്‍ കെഎല്‍സി ആക്ട് പ്രകാരം നടപടി സ്വീകരിച്ചതായും വ്യക്തമാക്കുന്നു.

വീട്ടമ്മയെ അടക്കം ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. സമാനമായ നിരവധി ഭൂമി തട്ടിപ്പുകള്‍ ചട്ടഞ്ചാല്‍, തെക്കില്‍ വിലേജ് പരിധികളില്‍ നടന്നിട്ടുണ്ടെന്ന് ആരോപണവുമുണ്ട്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇത്തരം ഭൂമി തട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം. സ്വത് ബ്രോകര്‍മാരും രാഷ്ട്രീയ സ്വാധീനം ഉള്ളവരും ഇത്തരം ഭൂമി തട്ടിപ്പുകള്‍ക്ക് കൂട്ട് നിന്നുണ്ടെന്ന ആരോപണവുമുയരുന്നുണ്ട്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഈ ഭാഗത്ത് നടന്ന ഭൂമി തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വൈകാതെ മറ്റ് തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങളും മറനീക്കി പുറത്തുവരുമെന്നാണ് ഇവര്‍ കരുതുന്നത്. വിജിലന്‍സ് അന്വേഷണം അടക്കമുള്ളവ നടത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഒരുതുണ്ട് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ നോക്കുകുത്തിയാക്കി കൊണ്ടാണ് സര്‍കാര്‍ സ്ഥലം വ്യാപകമായി കയ്യേറിക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.

Related Posts

വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു; വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.