Thursday, 16 February 2023

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കുനേരെ ആക്രമണം


മുംബൈ: മുംബൈയിലെ ഓഷിവാരയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കുനേരെ ആക്രമണം. പൃഥ്വി ഷായെയും സുഹൃത്തിനെയും ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തുവച്ചാണ് സംഭവം. പൃഥ്വി ഷായുടെ സുഹൃത്തിന്റെ ബിഎംഡബ്ല്യു കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഒഷിവാര പൊലീസ് എട്ടു പേര്‍ക്കെതിരെ കേസെടുത്തു.

പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൃഥ്വി ഷായും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് അക്രമികള്‍ കാറിനെ പിന്തുടരുകയും പണം നല്‍കിയില്ലെങ്കില്‍ വ്യാജപരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായും സുരേന്ദ്ര യാദവ് പരാതിയില്‍ പറയുന്നു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ടു പേര്‍ വന്ന് സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ചിരുന്നു. അവര്‍ക്കൊപ്പം പൃഥ്വി ഷാ സെല്‍ഫി എടുത്തിരുന്നു. എന്നാല്‍ ഇതേ ആളുകള്‍ വേറെ ആളുകളുമായി സെല്‍ഫി എടുക്കാന്‍ വീണ്ടും വരികയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പൃഥ്വി ഷാ പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല.

ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞു. മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പുറത്തുപോയ അക്രമികള്‍ പൃഥ്വിയും സുഹൃത്തും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതുവരെ ഹോട്ടലിനു പുറത്ത് കാത്തു നിന്നു. ഇരുവരും പുറത്തെത്തിയപ്പോള്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. പൃഥ്വിക്കൊപ്പം സെല്‍ഫി എടുത്ത ആളുകളുടെ ഫോണ്‍ നമ്ബറുകള്‍ പൊലീസ് ഹോട്ടലില്‍ നിന്ന് ശേഖരിച്ചു. പൊലീസ് ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

Related Posts

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കുനേരെ ആക്രമണം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.