Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ ഭൂമി കുംഭകോണം: ഉദ്യോഗസ്ഥർ കുടുങ്ങും


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം മുളിഞ്ച വിലേജിലെ ബുറാഖ് സ്ട്രീറ്റിൽ നടന്ന സർകാർ ഭൂമി കുംഭകോണത്തിൽ വിലേജ്, താലൂക് റവന്യൂ, റീസർവേ, രജിസ്ട്രാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് ഉറപ്പായി. സെന്റിന് രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന അഞ്ച് ഏകറോളം വരുന്ന സ്ഥലം ഉദ്യോഗസ്ഥർക്ക് വൻ തുക കൈക്കൂലി നൽകി സ്വന്തം പേരിലാക്കുകയും പിന്നീട് മറിച്ച് വിൽക്കുകയും ചെയ്തുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

ഉപ്പള മുളിഞ്ച ഗ്രൂപ് വിലേജ് ഓഫീസിലും മഞ്ചേശ്വരം താലൂക് ഓഫീസിലും കയ്യേറ്റം നടന്ന സ്ഥലത്തും നടത്തിയ പരിശോധനയിലാണ് സർകാർ ഭൂമി വൻതോതിൽ കയ്യേറിയതായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അഞ്ച് ഏകറിലധികം വരുന്ന സ്ഥലം കയ്യടക്കുകയും റീസർവേ നടത്തുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ശാഹുൽ ഹമീദ് എന്നയാൾ തന്റെ പേരിലാക്കുകയും പിന്നീട് ഈ സ്ഥലം ശാഹുൽ ഹമീദ് ഭാര്യ ആഇശയുടെ പേരിലേക്ക് ഇഷ്ടദാനം നൽകി രജിസ്റ്റർ ചെയ്ത് മാറ്റുകയും പിന്നീട് ഈ സ്ഥലം ഭാഗം തിരിച്ച് പല വ്യക്തികൾക്കായി ലക്ഷങ്ങൾ വാങ്ങി വിൽപന നടത്തുകയും ചെയ്തതായും വിജിലൻസ് വ്യക്തമാക്കി.

വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കയ്യേറ്റ ഭൂമി മറിച്ച് വിറ്റിട്ടുണ്ട്. മുളിഞ്ച വിലേജ്, മഞ്ചേശ്വരം താലൂക് റവന്യു ഉദ്യോഗസ്ഥർ, റീസർവേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്റ്റർ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ ഭൂമി കുംഭകോണത്തിന് കൂട്ട് നിന്നതായും ഇതിന് വൻ തുക കൈക്കൂലി വാങ്ങിയതായും വിജിലൻസിന് പ്രഥമ ദൃഷ്ടാ ബോധ്യപ്പെട്ടിട്ടുണ്ട്. സർകാർ ശമ്പളം പറ്റി സർകാരിനെ തന്നെ വഞ്ചിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസ് തയ്യാറായിരിക്കുന്നത്.

ഇതിനായി കാസർകോട് വിജിലൻസ് സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അനുമതി തേടിയിട്ടുണ്ട്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരമാണ് ഇത്തരം വലിയ ഭൂമി കുംഭകോണം പുറത്തുകൊണ്ടുവരാൻ ഇടയാക്കിയത്. 162 സെന്റ് സ്ഥലം കയ്യേറിയിട്ടുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരം. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് 10 കോടിയിലധികം വില വരുന്ന അഞ്ച് ഏകറിലധികം വരുന്ന ഭൂമി കയ്യേറിയതായി കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനത്തിനായി കെട്ടിട നിർമാണവും ഇവിടെ നടത്തിയിട്ടുണ്ട്. ഏതാനും വീടുകളും നിർമിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്ക് പുറമെ, മഞ്ചേശ്വരം റീസർവേ സൂപ്രണ്ട് എം ആരിഫുദ്ദീൻ, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ഈശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിഎം മധുസൂദനൻ, സുഭാഷ് ചന്ദ്രൻ, സീനിയയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ, കെ വി ബിജു എന്നിവരാണ് അന്വേഷണം നടത്തി തെളിവുകൾ പിടിച്ചുവച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad