Monday, 14 November 2022

'വോട്ട് ചോദിച്ച് ആരും വരേണ്ട'; ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഗ്രാമങ്ങള്‍


ദേശീയം: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് 17 ഗ്രാമങ്ങളിലെ ജനങ്ങള്‍. നവസാരി നിയമസഭാ മണ്ഡലത്തിലെ 17 ഗ്രാമങ്ങളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. വോട്ടു ചോദിച്ച് ഇങ്ങോട്ട് ആരും വരേണ്ടെന്നും തങ്ങളിലാരും പോളിങ്ങ് ബൂത്തിലേക്കില്ലെന്നുമുള്ള പോസ്റ്ററുകള്‍ പലയിടത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്.

അഞ്ചെലി റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ബഹിഷ്‌കരണത്തിനുള്ള പ്രധാന കാരണം. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് ഭരണകക്ഷിയായ ബിജെപിയടക്കം ആരും ഗ്രാമങ്ങളില്‍ പ്രവേശിക്കരുതെന്ന് ബാനറുകളും പോസ്റ്ററുകളും ജനങ്ങള്‍ പലയിടത്തായി പതിപ്പിച്ചിട്ടുണ്ട്.

അഞ്ചെലി റയില്‍വേ സ്റ്റേഷന് സമീപവും 'ട്രെയിന്‍ നഹി ടു വോട്ട് നഹി' എന്ന പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. കൊറോണയ്ക്ക് മുമ്പ് അഞ്ചെലി റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന പല ട്രെയിനുകളും ഇപ്പോള്‍ ഇവിടെ നിര്‍ത്താറില്ല. ഇതോടെ വന്‍ യാത്രാ പ്രതിസന്ധിയാണ് 17 ഗ്രാമങ്ങിലുള്ളവരും അനുഭവിക്കുന്നത്. ഒരു ദിവസം യാത്രക്കൂലിയായി മാത്രം 300 രൂപയില്‍ അധികം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. യാത്ര ബുദ്ധിമുട്ടുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ എത്താന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ വെളിപ്പെടുത്തി. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തിയതികളിലായാണ് നടക്കുന്നത്. കഴിഞ്ഞ 27 വര്‍ഷം തുടര്‍ച്ചയായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.




Related Posts

'വോട്ട് ചോദിച്ച് ആരും വരേണ്ട'; ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഗ്രാമങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.