Type Here to Get Search Results !

Bottom Ad

സൂറത്കല്‍ ഫാസില്‍ വധം: കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


ഉഡുപ്പി (www.evisionnews.in): മംഗളൂരു സൂറത്കലില്‍ മുഹമ്മദ് ഫാസിലിനെ (23) കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോണ്‍ കാര്‍ ഞായറാഴ്ചയാണ് കാര്‍ക്കള പടുബിദ്രിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. ഈ വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ആണിതെന്ന് പരിശോധനയില്‍ വ്യക്തമായി. 

കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറയും മൈക്രോ സിമ്മും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന സംഘം കൊലപാതകത്തിന് ശേഷം പടുബിദ്രി വരെ എത്തിയ ശേഷം കാര്‍ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയായ യുവതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് അജിത്ത് ക്രാസ്റ്റയെ(44) അറസ്റ്റ് ചെയ്തു. 2019 ജനുവരിയില്‍ മംഗളൂരു ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഗ്ലാന്‍സി ഡിംപിള്‍ ഡിസൂസയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഗ്ലാന്‍സി സ്ഥലത്തില്ല. ഗ്ലാന്‍സിയുടെ ഭര്‍ത്താവ് അജിത് ക്രാസ്റ്റക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോയെന്ന് വ്യക്തമല്ല. കാര്‍ വാടകക്ക് നല്‍കിയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അജിത്തിനെ തെളിവെടുപ്പിനായി സൂറത്കലില്‍ എത്തിച്ചു. 

കൊലപാതകത്തിലും ഗൂഡാലോചനയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന 21 പേരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 51 പേരെ കസ്റ്റഡിയിലെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. അതിനിടെ മുഹമ്മദ് ഫാസില്‍ വധത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് പിതാവും കുടുംബാംഗങ്ങളും സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സൗത്ത് ഡിവിഷന്‍ എസിപി മഹേഷ് കുമാറിനെ അന്വേഷണത്തിനായി നിയോഗിച്ചു. നേരത്തെ സൂറത്ത്കല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പയായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad