കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ ബിജെപിക്കകത്തെ കലഹം വീണ്ടും കനക്കുന്നു. നേരത്തെ കുമ്പള പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്. ഈ വിഷയങ്ങളുയര്‍ത്തി പ്രവര്‍ത്തകര്‍ നാല് മാസം മുമ്പും താളിപ്പടുപ്പിലെ ബി.ജെ.പി ജില്ലാ കാര്യാലയമായ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം ഉപരോധിക്കുകയും ഓഫീസിന് താഴിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നേതാക്കളിടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഈ വിഷയങ്ങളില്‍ പരിഹാരം കാണാത്തതാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ വീണ്ടും പ്രകോപിപ്പിച്ചത്. ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ നേതാക്കള്‍ ഒത്തുക്കളിച്ചുവെന്നായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അനന്തമായി നീട്ടിക്കൊണ്ട് പോകുകയാണെന്നും തെറ്റ് ചെയ്ത നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുമെന്നും പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍ ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത് വന്നിരിക്കയാണ്. നേരത്തെ ജില്ലാ വൈസ് പ്രസിഡണ്ട് പി.രമേശന്‍ ഭാരവാഹിത്വം രാജിവെച്ചിരുന്നു.
കാസര്‍കോട്ട് ബിജെപിക്കകത്തെ കലഹം വീണ്ടും കനക്കുന്നു: ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
4/
5
Oleh
evisionnews