Type Here to Get Search Results !

Bottom Ad

ആന്റണി രാജു പ്രതിയായ കേസ്; വിചാരണ ഈ മാസം 4ന് തുടങ്ങും

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തെളിവ് നശിപ്പിച്ച കേസിലെ വിചാരണ നാലിന് ആരംഭിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് സാക്ഷികളെ അന്നേ ദിവസം വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. സിആർപിസി 308 പ്രകാരം പ്രതിദിനം കേസിന്‍റെ വിചാരണ നടക്കും. വിദേശ പൗരനായ ആൻഡ്രൂ സാൽവദോർ സർവാലി പ്രതിയായ മയക്കുമരുന്ന് കേസിൽ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. അടിവസ്ത്രത്തിൽ കൃത്രിമം നടന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ആൻഡ്രൂ സാൽവദോർ സർവലിയുടെ അഭിഭാഷകൻ ആന്‍റണി രാജു, കോടതിയിലെ ക്ലാർക്ക് ജോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2014ലാണ് ആന്‍റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. എന്നാൽ വിചാരണ അനിശ്ചിതമായി നീണ്ടു. സിആർപിസി 273 പ്രകാരം പ്രതി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തിലാണ് വിചാരണ നടത്തേണ്ടത്. സിആർപിസിയിലെ 205, 317 വകുപ്പുകൾ പ്രകാരം, മതിയായ കാരണം ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് പ്രതിയെ കോടതിക്ക് ഒഴിവാക്കാം. ശാശ്വതമായ ഇളവുകൾ അനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയിൽ അപേക്ഷ നൽകി വാദം പൂർത്തിയാക്കി കോടതി എടുത്ത തീരുമാനം നിർണായകമാണ്. കേസിന്‍റെ വിചാരണ വൈകുന്നതിൽ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. സിആർപിസി 479 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ നിരീക്ഷിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad