Thursday, 28 July 2022

എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

എകെജി സെന്‍റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എല്ലാ പ്രാഥമിക തെളിവുകളും ശേഖരിച്ച പ്രത്യേക സംഘത്തിന് കണ്ടെത്താൻ കഴിയാത്ത പ്രതിയെ ക്രൈംബ്രാഞ്ച് എങ്ങനെ പിടികൂടുമെന്നതാണ് ആകാംക്ഷ. അന്വേഷണം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും എ.കെ.ജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിൽ ആഭ്യന്തര വകുപ്പും പൊലീസും പഴി കേട്ടിരുന്നു. അന്വേഷണം കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ തീരുമാനിക്കാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിരോധത്തിലായതോടെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ തീരുമാനിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനനാണ് അന്വേഷണ സംഘത്തിന്‍റെ തലവൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങൾക്ക് പിന്നാലെ കെ.ടി ജലീലിന്‍റെ പരാതിയിൽ എടുത്ത ഗൂഡാലോചന കേസും എസ്.പി എസ്. മധുസൂദനൻ തന്നെയാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കന്‍റോണ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ വി എസ് ദിനരാജും അന്വേഷണ സംഘത്തിലുണ്ട്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്നലെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 436, എക്സ്പ്ലോസീവ് ആക്ടിലെ 3 (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതുവരെ കേസ് അന്വേഷിച്ച പ്രത്യേക സംഘം ആദ്യം സിസിടിവി ദൃശ്യങ്ങൾ പിന്തുടരുകയും അക്രമി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നാലെ പോവുകയും ഒടുവിൽ മൊബൈൽ ടവറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആണ് ചെയ്തിരുന്നത്. എന്നാൽ എകെജി സെന്‍ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ അക്രമിയെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. പ്രത്യേക സംഘം അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത പ്രതികളെ ക്രൈംബ്രാഞ്ച് എങ്ങനെ കണ്ടെത്തുമെന്ന് കണ്ടറിയണം.

Related Posts

എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.