Type Here to Get Search Results !

Bottom Ad

തൊണ്ടിമുതൽ തിരിമറി കേസിലെ ആരോപണങ്ങൾ ഗൗരവതരം ;ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിലെ വിചാരണ വൈകുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയതെന്നും വിചാരണ വൈകുന്നത് ഗൗരവമേറിയ വിഷയമാണെന്നും കോടതി ചോദിച്ചു. ഫയൽ നമ്പർ ഇടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മന്ത്രിക്കെതിരായ വിചാരണ വൈകുന്നതിനെതിരെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി ഇടപെടണമെന്നും വിചാരണക്കോടതിക്കെതിരെ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. 1990 ഏപ്രിൽ നാലിന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയതിന് ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോറിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന അടിവസ്ത്രങ്ങൾ ഇയാൾക്ക് യോജിച്ചതല്ലെന്ന വാദം ശരിവച്ച് അപ്പീലിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സാൽവദോർ ഓസ്ട്രേലിയയിലേക്ക് മടങ്ങി. അവിടെ ഒരു കൊലപാതകക്കേസിൽ പ്രതിയായി. ഓസ്ട്രേലിയൻ പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കേസിൽ കോടതി ജീവനക്കാരന് കൈക്കൂലി നൽകി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയിരുന്നെന്ന് അറിഞ്ഞതിനെ തുടർന്ന് ഇന്റർപോൾ മുഖേന വിവരം ഇന്ത്യൻ അധികൃതർക്കു കൈമാറി. തൊണ്ടിമുതലിൽ കൃത്രിമം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥനും പരാതിപ്പെട്ടു. ഇതേതുടർന്ന് തൊണ്ടി ക്ലാർക്ക് ജോസ്, അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജു എന്നിവർക്കെതിരെ കേസെടുത്തെങ്കിലും വിചാരണ വൈകുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad